സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷം; പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടി

കണ്ണൂർ: സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത തുടരുന്നു. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തലവെട്ടി അദ്ദേഹത്തിന്റെ മടിയിൽവെച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന് റെ ചില്ലുകൾ അടക്കം തകർത്തിട്ടുണ്ട്. സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ട അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

കണ്ണൂർ പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫിസും, കൊടിമരവും തകർത്തു. 13/06/22 തിങ്കളാഴ്ച രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽച്ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തിട്ടുണ്ട്. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി.

കോഴിക്കോട് ഡിസിസി ഓഫീസിന് നേരെ ആക്രമണശ്രമം ഉണ്ടായതായി ഡിസിസി പ്രസിഡണ്ട് ആരോപിക്കുന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് 14/06/22 ചൊവ്വാഴ്ച പുലർച്ചെ കത്തിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ദിരാഭവൻ, എകെജി സെൻറർ എന്നിവയ്ക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച കൊടികൾ സിപിഎം പ്രവർത്തകർ തകർത്തു. കട്ടപ്പന അശോക് കവലയിലെ കൊടികളാണ് നശിപ്പിച്ചത്. സിപിഎം പ്രകടനം കടന്നു വരുന്നതിനിടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്ഡിനു മുന്നിലെ കൊടിയും കെഎസ്‌യു നശിപ്പിച്ചു. സിപിഎം പരസ്യമായി കലാപത്തിന് ശ്രമിക്കുന്നുവെന്നും ഡിസിസി പ്രസിഡൻറ് ആരോപിച്ചു

അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകൾ തകർന്നു നിലയിലാണുള്ളത്. മുൻപിൽ ഉണ്ടായിരുന്ന ചെടികളും തകർത്തു. ആക്രമണം നടത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ശ്രീകാര്യം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്ത കേസിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. ഷമീർ, ഫൈസൽ എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന 38 പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 14/06/22 ചൊവ്വാഴ്ച റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് 13/06/22 തിങ്കളാഴ്ച വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് നൽകിയ മൊഴിയിൽനിന്ന് ഇ പി ജയരാജന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമ്മർദം ചെലുത്തി എന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇരുവരും മെഡിക്കൽ കോളേജിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 14/06/22 ന് പരാതി നൽകും. കെപിസിസി ഓഫീസ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് 14/06/22 ചൊവ്വാഴ്ച കരിദിനം ആചരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →