ന്യൂഡൽഹി: ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ ആയി രാഹുൽഗാന്ധി പുറപ്പെട്ടു. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉള്ള ചോദ്യം ചെയ്യലിനായാണ് രാഹുൽഗാന്ധി ഇ ഡി ഓഫീസിൽ ഹാജരാകുന്നത്. ഡൽഹിയിലെ ഇ ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇ ഡി ഓഫീസിലേക്ക് എത്തിയത്. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ഇ ഡി ഓഫീസിലേക്ക് നിരവധി പ്രവർത്തകർ രാഹുലിനെ അനുഗമിച്ചിരുന്നു.
കോൺഗ്രസ് റാലിക്ക് നേരത്തെതന്നെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് പ്രവർത്തകർ കൂട്ടം കൂടിയതോടെ പോലീസ് നടപടി ആരംഭിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തു. ഇതിനിടെ രാഹുലിനൊപ്പം അഭിഭാഷകരുടെ സംഘത്തെ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഇത് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തതോടെ രംഗം വഷളായി. പിന്നാലെ രൺദീപ് സിംഗ് സുർജേവാല, വി.കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം കനത്തതോടെ രാഹുലിനൊപ്പം ഒരു അഭിഭാഷകനെ അനുവദിച്ചു.
ഇതിനിടെ ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കൽ ആണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സോണിയ ഗാന്ധിക്കുo ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. 23/06/22 ന് ഹാജരാകാനാണ് നിർദേശം. എന്നാൽ കഴിഞ്ഞ ദിവസം കൊവിഡ് മൂലം ആരോഗ്യനില വഷളായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2022 ജൂണ്‍ മാസം ആദ്യവാരമാണ് ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് നോട്ടീസയച്ചത്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഹാജരായിരുന്നില്ല. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.