മഹാരാഷ്ട്രയില്‍ ആറാം സീറ്റില്‍ ഭരണസഖ്യം തോറ്റു; കോണ്‍ഗ്രസിന് ക്ഷീണമായി അജയ് മാക്കനും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാലുസംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളുമായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാണക്കേടായി മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പരാജയപ്പെട്ടു.

മറുകണ്ടം ചാടിയുള്ള വോട്ടിങ് ആരോപണങ്ങളും തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവും കാരണമാണ് വോട്ടെണ്ണല്‍ എട്ടുമണിക്കൂറോളം വൈകിയത്.മഹാരാഷ്ട്രയില്‍ ആറുസീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പി. ജയിച്ചത് ഭരണസഖ്യമായ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍പ്രഹരമായി. ഇന്നലെ രാവിലെയോടെയാണു മഹാരാഷ്ട്രയിലെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, സംസ്ഥാനത്തെ മുന്‍മന്ത്രി അനില്‍ ബോണ്ഡെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് ജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍.സി.പിയുടെ പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവര്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ജയിച്ചു. ആറാംസീറ്റിലെ മത്സരത്തിലെ സേനയുടെ സഞ്ജയ് പവാറിനെയാണു ബി.ജെ.പിയുടെ മുന്‍ പാര്‍ലമെന്റംഗം ധനഞ്ജയ് മഹാദിക് പരാജയപ്പെടുത്തിയത്. ഹരിയാനയില്‍ തെരഞ്ഞെടുപ്പു നടന്ന രണ്ടുസീറ്റില്‍ ലാല്‍ പന്‍വറും ബി.ജെ.പി. പിന്തുണയുള്ള കാര്‍ത്തികേയ ശര്‍മയും ജയിച്ചപ്പോള്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അജയ് മാക്കന്‍ പരാജയപ്പെട്ടു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു നടന്ന നാലുസീറ്റില്‍ മത്സരിച്ച മൂന്നിലും ജയിച്ച് ബി.ജെ.പി. ആധികാരിക ജയം ഉറപ്പിച്ചു. പ്രധാനപ്രതിക്ഷമായ കോണ്‍ഗ്രസിന് മത്സരിച്ച രണ്ടില്‍ ഒരു സീറ്റേ സ്വന്തമാക്കാനായുള്ളു. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, നടന്‍ കൂടിയായ ജാഗേഷ്, ലെജിസ്ലേറ്റീവ് അംഗം ലെഹര്‍ സിങ് സിരോയ എന്നീ ബി.ജെ.പി. നേതാക്കള്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി ജയ്റാം രമേശും രാജ്യസഭയിലെത്തി.

രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നാലില്‍ മൂന്നു സീറ്റും ബി.ജെ.പി. ഒരു സീറ്റും ജയിച്ചു. കോണ്‍ഗ്രസിന്റെ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവര്‍ വിജയികളായപ്പോള്‍ ബി.ജെ.പിയുടെ ഗണശ്യാം തിവാരിയും രാജ്യസഭയിലേക്കെത്തും.

അതേസമയം, ബി.ജെ.പി. എം.എല്‍.എ. ശോഭാറാണി കുശ്വാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് തിവാരിക്ക് വോട്ട് ചെയ്തു. അവരെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →