കൊല്ലം: കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നു. ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും, പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാമ്പിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പബ്ലിക് ഹെൽത്ത് ലാബിൽ ആണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാമ്പിൾ പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയർ ആണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം) ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. കായംകുളം പുത്തൻ റോഡ് യുപി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുണ്ടായത്. തുടർന്നാണ് ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചത്.

