ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍

ചെന്നൈ: തങ്ങളുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ അനധികൃതമായി സ്വര്‍ണം പിടിച്ചെന്നും തിരിച്ചുകിട്ടാതെ പോകില്ലെന്നും ശ്രീലങ്കന്‍ പൗരന്മാര്‍. വിമാനത്തിലെയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെയും ശൗചാലയങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്.!അതേസമയം, യാത്രക്കാരുടെ പക്കല്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്നും രാജ്യാന്തര സര്‍വീസുകളില്‍ യാത്രാമധ്യേ പരിശോധന നടത്തി സ്വര്‍ണം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നും പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നറിയിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ചാനലിനോടു പറഞ്ഞു. വലിയ സ്വര്‍ണക്കള്ളക്കടത്തു പിടിച്ചെന്ന നേട്ടം അവകാശപ്പെടുകയാകും ലക്ഷ്യം. കോടതിയില്‍ ചെല്ലുമ്പോഴേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം വിശദീകരിച്ചു. ദുബായില്‍നിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം യാത്രാമധ്യേ ചൈന്നെയില്‍ ഇറക്കിയപ്പോഴായിരുന്നു സംഭവം. ഏഴു കിലോഗ്രാം സ്വര്‍ണമാണു കണ്ടെത്തിയത്. തങ്ങള്‍ കൊളംബോയിലെ സ്വര്‍ണ വ്യാപാരികളാണെന്നും ദുബായില്‍നിന്നു സ്വര്‍ണം വാങ്ങിയതിനു രേഖകളുണ്ടെന്നും അവര്‍ പറയുന്നു. സ്വര്‍ണം വിട്ടുകിട്ടാതെ നാട്ടിലേക്കു പോകില്ലെന്നു വ്യക്തമാക്കി അവര്‍ ചൈന്നെ വിമാനത്താവളത്തില്‍ പ്രതിഷേധത്തിലാണ്.തങ്ങള്‍ക്ക് ഇന്ത്യന്‍ വിസയില്ലെന്നും കൊളംബോയിലേക്കുള്ള വിമാനടിക്കറ്റും ദുബായ് വിമാനത്താവളത്തില്‍നിന്നു കിട്ടിയ ബോര്‍ഡിങ് പാസുമാണു കൈവശമുള്ളതെന്നും ആറംഗ ശ്രീലങ്കന്‍ സംഘത്തിലെ ഇഷാനുള്‍ ഹഖ് പറഞ്ഞു. നേരേ കൊളംബോയ്ക്കു പോകുന്ന തങ്ങള്‍ ചൈന്നെ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെന്നു പറയുന്നത് എങ്ങനെ ശരിയാകുമെന്നും അവര്‍ ചോദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →