കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ ഒന്നാംപ്രതി ആരോഗ്യമന്ത്രി വീണ ജോർജ് ആണെന്ന് ബിജെപി നേതാവ് എം ടി രമേശ്. ആരോഗ്യ രംഗത്ത് കേരള സർക്കാരിന്റെ പിടിപ്പുകേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം എന്നും, ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നതുമാണ് ആശുപത്രിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ടി രമേശ്.
മാനസികാരോഗ്യ കേന്ദ്രത്തിലെ വികസനത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാനം പാഴാക്കുകയാണ്. കുതിരവട്ടത്ത് വീഴ്ചകളിൽ ഒന്നാംപ്രതി ആരോഗ്യ മന്ത്രിയാണ് എന്നാൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ അല്ല ഭരണകൂടത്തെ യാണ് ചികിത്സിക്കേണ്ടത്. സർക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ് മെന്റ് നടത്തേണ്ടതെന്നും എം ടി രമേശ് പറഞ്ഞു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ കൂട്ടണമെന്ന പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. മാനസിക ആരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ നിർമ്മിക്കണം, പുറത്തേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ഈ മൂന്ന് നിര്‍ദ്ദേശങ്ങളും അടിയന്തരമായി നടപ്പാക്കണം എന്നാണ് പോലീസ് റിപ്പോർട്ട് . ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് മൂന്ന് എസ് പി മാര്‍ കുതിരവട്ടത്ത് പരിശോധന നടത്തി സുരക്ഷ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

