ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം സയിദ് ഷെഹസാദി കേരളം സന്ദർശിച്ചു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും വിലയിരുത്തുന്നതിനായാണു സന്ദർശനം നടത്തിയത്.
ന്യൂനപക്ഷങ്ങളായിരുന്നിട്ടും ന്യൂനപക്ഷങ്ങൾക്കു ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളുടെ പരാതികൾ ഗൗരവപൂർവം പരിശോധിക്കണമെന്ന് നിർദേശം നൽകിയതായി ഷെഹസാദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ന്യൂനപക്ഷങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ഊർജിത നടപടികൾ ഉണ്ടാകണമെന്നും കമ്മിഷൻ അംഗം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ, വഖഫ് ബോർഡ്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മിഷൻ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ തുടങ്ങിയവരുമായി ഷെഹസാദി ചർച്ച നടത്തി.