ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അവരുടെ ജീര്‍ണിച്ച രാഷ്ട്രീയം കാരണമാണ് തങ്ങള്‍ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും കുമാരസ്വാമി ആരോപിച്ചു.മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുംകൂടിയായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരേ രൂക്ഷവിമര്‍ശനമാണ് കുമാരസ്വാമി ഉയര്‍ത്തിയത്. ബി.ജെ.പി. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് താല്‍പ്പര്യമില്ലെന്നും ജെ.ഡി.എസിനോട് കടുത്ത വിരോധമാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങള്‍ തോറ്റു കാണാനുള്ള ദുരാഗ്രഹം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും കുമാരസ്വാമി ആരോപിച്ചു. കര്‍ണാടകയില്‍ ഒഴിവുള്ള നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.45 വോട്ട് നേടുന്നവര്‍ക്ക് വിജയിക്കും. നിലവിലെ സീറ്റ് നില അനുസരിച്ച് ബി.ജെ.പി. രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിക്കും. നാലാമത്തെ സീറ്റിനായാണ് കടുത്ത മത്സരം നടക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നു സിദ്ധരാമയ്യയോട് കുമാരസ്വാമി നേരത്തേ അഭ്യര്‍ഥിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ”നിങ്ങള്‍ക്ക് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നാണ് സിദ്ധരാമയ്യ ആഗ്രഹിച്ചത്”- കുമാരസ്വാമി ആരോപിച്ചു.
എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് കുമാരസ്വാമി
