ഒരു വര്‍ഷം കേരളത്തില്‍ വിവിധ ഫോഴ്‌സുകളിലേക്കായി പതിനഞ്ചു ലക്ഷത്തിലേറെ യുവതീ യുവാക്കള്‍ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുകയും എഴുപതു ശതമാനത്തിലേറെ പേര്‍ വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇയൊരു അവസ്ഥ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്.
പ്രാഥമിക തലം മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു കായിക അധ്യാപകന്‍ ഉണ്ടായിരിക്കും. അണ്‍ എയ്ഡഡ് സ്ഥാപനത്തിലും അങ്ങനെയാണ്. കോളേജുകളില്‍ ഒരു കായിക വകുപ്പ് തന്നെയുണ്ടായിരിക്കും. എന്നാല്‍ പ്രതിബദ്ധതയുള്ളവര്‍ കൈവിരലില്‍ എണ്ണാന്‍ മാത്രം. കായിക അധ്യാപക ജോലി പലര്‍ക്കും സര്‍ക്കാര്‍ ജോലി എളുപ്പത്തില്‍ നേടാനും പണി എടുക്കാതെ ശമ്പളം വാങ്ങാനുമുള്ള ഒരു തസ്തിക മാത്രം. കായിക രംഗത്ത് മികവ് തെളിയിച്ചവര്‍ കായിക അധ്യാപക മേഖലയില്‍ വളരെ ചുരുക്കമാണ്.
പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യതയും ലളിതമായ ഒരു ഫിസിക്കല്‍ ടെസ്റ്റും പാസായാല്‍ കോഴിക്കോടുള്ള ഗവണ്മെന്റ് ഫിസിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടും. അവിടെത്തെ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ( സി. പി. എഡ് ) എല്ലാവരെയും ജയിപ്പിക്കും. അത്തരത്തിലാണ് അവിടത്തെ പരീക്ഷ രീതി. കായിക അധ്യാപകനുള്ള അടിസ്ഥാന യോഗ്യതയായി. കൈയില്‍ കാശ് ഉണ്ടങ്കില്‍ എയ്ഡഡ് സ്‌കൂളികളിലെ ലേലം വിളിയില്‍ പങ്കെടുക്കാം. വിജയിക്കാം.
ചോദ്യം : സാര്‍, സ്‌കൂളില്‍ ഒന്നും പോകാറില്ലേ.
ഉത്തരം : ഉണ്ടല്ലോ. 30-ആം തിയതി പോകും. ശമ്പളം വാങ്ങും. മറ്റ് അധ്യാപകരുമായി ഒന്നു കൂടും. തിരികെ പോരും. എല്ലാവര്‍ക്കും സന്തോഷം.
ഇത് ഗവണ്മെന്റ് സ്‌കൂള്‍.
ചോദ്യം : സാറിന്റെ സ്‌കൂളില്‍ നിന്ന് ഒരു കുട്ടിക്ക് പോലും ജില്ല കായിക മേളയില്‍ പ്രൈസ് ഇല്ലല്ലോ.
ഉത്തരം : ആരോടും പറയരുത്. എനിക്ക് പരിശീലനം കൊടുക്കാന്‍ അറിയില്ല. +2 തോറ്റപ്പോള്‍ അധ്യാപകനായ അച്ഛന്‍ പറഞ്ഞു ‘രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഒരു കായിക അധ്യാപകന്‍ വിരമിക്കുന്നുണ്ട്. ഞാന്‍ അഡ്വാന്‍സായി കാശ് കൊടുത്തിട്ടുണ്ട്. നീ കോഴിക്കോട് പോയി എങ്ങനെയെങ്കിലും അഡ്മിഷന്‍ സംഘടിപ്പിക്ക് ‘ ഗ്രൗണ്ട് കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ ഫിസിക്കല്‍ ടെസ്റ്റ് പാസാകാന്‍. ഞാന്‍ ഒരു യൂണിവേഴ്‌സിറ്റി താരത്തെ ഇറക്കി. അഡ്മിഷന്‍ നേടി. അങ്ങനെ 19-മാത്തെ വയസ്സില്‍ ജോലി. ഭാര്യ അതെ സ്‌കൂളില്‍ അധ്യാപിക. മക്കള്‍ രണ്ടുപേരും ഡോക്ടര്‍. പോരെ പൂരം.
ചോദ്യം : പകരം ഇറങ്ങിയ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍.
ഉത്തരം : അവന്‍ ലോഡിങ് തൊഴിലാളിയാണ്. സുഖമായിരിക്കുന്നു.
ഇതുപോലെ ആള്‍മാറാട്ടം നടത്തി അഡ്മിഷന്‍ നേടി ജോലികിട്ടിയ ഒരു അധ്യാപകന് രണ്ടു വട്ടം മികച്ച അധ്യാപകനുള്ള അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആദരിച്ചു. കുറ്റം പറയുന്നത് ശരിയല്ലല്ലോ. അദ്ദേഹം കായിക അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്.
ഇതാണ് നമ്മുടെ കായിക അധ്യാപകരുടെ നിലവാരം.
അടുത്ത ഒളിമ്പിക്‌സില്‍ ടിന്റു ലുക്കോസ് സ്വര്‍ണം നേടും – പി. ടി. ഉഷ.
ടിന്റു രണ്ടു വര്‍ഷം മുന്‍പ് കായിക രംഗത്ത് നിന്നു വിരമിച്ചു.
സംസ്ഥാന സഹായം കേന്ദ്ര സഹായം, വിദേശ സഹായം അങ്ങനെ സ്‌കൂള്‍ ഓഫ് ഉഷ നന്നായി പോകുന്നു.
ടിന്റുവിനു ശേഷം അതേ നിലവാരത്തിലുള്ള ഒരു കായിക താരത്തെ പോലും വളര്‍ത്തിയെടുക്കുവാന്‍ എന്തുകൊണ്ട് കഴിയുന്നില്ലാന്ന് സഹായം നല്‍കുന്നവര്‍ ഒന്നു അന്വേഷിക്കുന്നത് ഭാവി കായിക താരങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
ഇനി തിരിച്ചു വരാം.
ഫിസിക്കല്‍ ടെസ്റ്റില്‍ ബഹുഭൂരിപക്ഷം പേരും പരാജയപ്പെടാന്‍ കാരണം ഏറെയും ഇതൊക്കെ തന്നെയാണ്. ബാല്യകാലത്ത് ശരിയായ കായിക പരിശീലനം കിട്ടാതിരിക്കുക. 100% റിസള്‍ട്ടിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അനാരോഗ്യമായ മത്സരത്തിന്റെ ഇരകളായി കുട്ടികളെ രൂപാന്തരപ്പെടുത്തുന്നത്. ചെറിയ ദൂരം നടക്കുന്നതും അഭിമാനക്ഷതമായി കാണുന്നത്. ഫലം യൗവന ആരംഭത്തില്‍ തന്നെ ജീവിത ശൈലി രോഗങ്ങള്‍ പിടികൂടുന്നു.
ആരോഗ്യമുള്ള യുവതി യുവാക്കളെയാണ് സേനക്ക് ആവശ്യം. അതിനുള്ള ഒരു ലളിതമായ ടെസ്റ്റ് മാത്രമാണ് എഴുത്തു പരീക്ഷക്കു ശേഷമുള്ള കായിക പരിശോധന.
ഒരു കായിക പരിശീലകന്റെ കീഴില്‍ തുടര്‍ച്ചയായുള്ള മൂന്നു മാസത്തെ പരിശീലനം കൊണ്ട് ഏതു കായിക ടെസ്റ്റും എളുപ്പത്തില്‍ പാസ് ആകുവാന്‍ കഴിയും. ശരീരഘടന ഓട്ടത്തിനോ ചാട്ടത്തിനോ, ഏറിനോ ഒരു ഘടകമല്ല. എല്ലാം ഇപ്പോള്‍ ടെക്നിക് ആണ്. ഇയൊരു തിരിച്ചറിവിലൂടെ ഫിസിക്കല്‍ ടെസ്റ്റിലെ കൂട്ട തോല്‍വി നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
ഒരു കാര്യം സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നു. ഒരു വര്‍ഷം ഒരു കുട്ടിയെങ്കിലും ഏതെങ്കിലും സംസ്ഥാന കായിക മേളയില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ ആ കായിക അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തയ്യാറായാല്‍ കേരളത്തിന്റെ കായിക രംഗം ശോഭനമാകും. കൂടാതെ ജില്ലാ – സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെയെങ്കിലും രാഷ്ട്രീയം നോക്കി നിയമിക്കരുത്. ജോലിയില്ലാത്ത പാര്‍ട്ടി അനുഭാവികളെ ഇത്തരം പദവികളില്‍ നിയമിക്കുന്നതിലൂടെ നിങ്ങള്‍ ഭാവി കായിക താരങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കുകയാണ്.
മാറ്റം ഉണ്ടാകില്ല. എങ്കിലും നമുക്ക് കാത്തിരിക്കാം.