കാസര്‍കോട് : പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ 20 ശതമാനം സീറ്റുകള്‍ വെട്ടിക്കുറച്ചു. 8 വര്‍ഷത്തിനുശേഷം സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ രീതിയില്‍ പുരോഗതി കൈവരിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികലുടെയും ആദ്യ പരിഗണനയായി കേന്ദ്ര സര്‍വകലാശാല മാറിയ ഘട്ടത്തിലാണിത്. കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷക്ക് നിരവധി വിദ്യാര്‍ത്ഥികളാണ് തയാറെടുത്തുകൊണ്ടിരിക്കുന്നത്. അറുപത് വിദ്യാര്‍ത്ഥികളെ ഉള്ക്കൊളളാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരും ഉണ്ടെന്നിരിക്കെയാണ് സീറ്റുകള്‍ കുറച്ചത്. പിന്നാക്ക മേഖലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാല ആശ്രയമായിരുന്നു.
സര്‍വകലാശാലയില്‍ താമസ സൗകര്യം ഏര്‍പ്പെടുത്താത്തത് ഇപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ പൂര്‍ണമായും നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ട് ഹോസറ്റല് സമുച്ചയങ്ങളുണ്ട്. രണ്ട് കോമണ്‍ മെസ്ഹാളും നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തുരന്നുനല്കിയിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മൂല്യ നിര്‍ണയത്തില്‍ വരുത്തിയ മാറ്റം വിദ്യാര്‍ത്ഥി വിരുദ്ധവും വിദ്യാഭ്യാസ മൂല്യത്തെ തന്നെ തകര്‍ക്കുന്നതും ആണെന്ന ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുണ്ട്. അറുപത് ശതമാനം മാര്‍ക്ക് ഇന്റേണലിലും നാല്‍പ്പത് എക്സ്റ്റേണലുമായാണ് പുനക്രമീകരണം. പുതിയ മൂല്യ നിര്‍ണയ രീതി സ്വജനപക്ഷപാതത്തിന് ഇടയാക്കുന്നുവെന്നാണ് ഇവരുടെ വാദം.

