പോപ്പുലർഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷം മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ്

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷം മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ്. 2022 ജൂൺമാസം 13 ന് കമ്മീഷനു മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ്. വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്. കമ്മീഷന്റെ ആവശ്യപ്രകാരം എസ് പി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ കേസെടുത്തെന്നും, 30 പേരെ അറസ്റ്റ് ചെയ്തെന്നും ആണ് മറുപടി നൽകിയിരുന്നത്.
വിദ്വേഷ മുദ്രവാക്യ കേസിനെ പ്രതിരോധിക്കാൻ പോപ്പുലർഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കർശനമായി നേരിടാനാണ് പോലീസിന്റെ തീരുമാനം. കേസിൽ ആദ്യഘട്ടത്തിൽ ഉണ്ടായ ജാഗ്രത കുറവ് ഗുരുതര പിഴവായി മാറിയ സാഹചര്യത്തിലാണ് സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയടക്കം പോലീസ് അന്വേഷിക്കുന്നത്.

കോടതി അലക്ഷ്യ പ്രസംഗം നടത്തിയ പോപ്പുലർഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന വഴിയിൽ ഉണ്ടായ പ്രതിഷേധം മുൻകൂട്ടി കാണുന്നതിനും പോലീസിന് വീഴ്ച പറ്റിയിരുന്നു. പത്തുവയസ്സുകാരൻ വിദ്വേഷം മുദ്രാവാക്യം വിളിച്ച പ്രകടനത്തിന്റെ സംഘാടകരായവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പല പ്രതികളും ആസൂത്രിതമായി ഒളിവിൽ പോയതും, തുടരന്വേഷണത്തിനു വെല്ലുവിളി ആയിരിക്കുകയാണ്. സിഎഎ സമരത്തിനിടയിൽ നിന്ന് താൻ കേട്ട് പഠിച്ചതാണ് മുദ്രാവാക്യം എന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ പത്തുവയസ്സുകാരൻ ഈ രീതിയിൽ പറയുന്നതിന് പിന്നിൽ കൃത്യമായ പരിശീലനം കിട്ടിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം കണ്ടുപിടിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.

വിദ്വേഷം മുദ്രാവാക്യം വിളിച്ച് പ്രകടനം നടന്നിട്ടും ആദ്യദിവസങ്ങളിൽ പോലീസ് ലാഘവത്തോടെയാണ് സംഭവത്തെ കണ്ടത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പോലീസ് കേസെടുത്തത് മൂന്നാം ദിവസമാണ്. ആലപ്പുഴയിലെ ബജ്റംഗ്ദൾ റാലിയുടെയും തുടർന്ന് നടന്ന പോപ്പുലർ ഫ്രണ്ട് മാർച്ചിന്റെയും ലക്ഷ്യം സാമുദായിക ചേരിതിരിവ് ആണെന്ന് ബോധ്യമായിട്ടും നടപടിയെടുക്കാൻ വൈകിയെന്നതാണ് പോലീസിനെതിരെ ഉള്ള പ്രധാന ആരോപണം.

പോലീസിനെതിരെയും, ജുഡീഷ്യറിക്ക് എതിരെയും പോപ്പുലർ ഫ്രണ്ട് പ്രകോപനപരമായി പ്രതികരിച്ചതാണ് വിഷയം കൂടുതൽ ഗൗരവം ആക്കിയത്. പോലീസിന്റെ വേട്ടയാടൽ നടക്കുന്നു എന്ന് ആരോപിച്ച് ന്യൂനപക്ഷ മേഖലയിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന പ്രചരണവും കേന്ദ്ര ഇൻറലിജൻസ് നിരീക്ഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →