യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി

അബുദാബി: യുഎഇയിൽ അഞ്ച് പുതിയ കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. യുഎഇയിലെ ആശുപത്രികളിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു .പൊതുജനങ്ങൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും രോഗബാധിതർക്കായി സർക്കാർ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

കുരങ്ങുപനി വൈറൽ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കിൽ മൃഗവുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. ശരീരസ്രവങ്ങൾ വഴിയോ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങൾ വഴിയോ അല്ലെങ്കിൽ വൈറസ് സാന്നിദ്ധ്യമുള്ള സാധനങ്ങളിൽ നിന്നോ ആണ് രോഗബാധയുണ്ടാകുന്നത്.

2022 മേയ് 24നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയിൽ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദർശകനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി അടക്കമുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്താൻ ശക്തമായ സംവിധാനം നടപ്പിലാക്കിയതായി യുഎഇ അധികൃതർ വ്യക്തമാക്കി. രോഗം ബാധിച്ച വ്യക്തികൾക്കും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറൻറീൻ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പോസിറ്റീവ് കേസുകൾ, രോഗം ഭേദമാകുന്നത് വരെ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയണം. അവരുമായി അടുത്ത് ഇടപെട്ടിട്ട് ഉള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയും വേണം. അടുത്ത സമ്പർക്കമുള്ളവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →