കൽപ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വയനാട് മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്യിലായിരുന്നു. രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.2022 ജൂൺ 7 ചൊവ്വാഴ്ച പകൽ ഒരുമണിയോടെയാണ് മരിച്ചത്. തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ് . ഗോപാലൻ അവിവാഹിതനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, വൽസല.
ജില്ലയിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. മലിനമായ മണ്ണ്, ജലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുണ്ട്. കർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളവരും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി എന്നിവയും ഉണ്ടാവാം. ചിലർക്ക് വയറുവേദന, ഛർദി, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ ഉണ്ടാവാം.എലിപ്പനി കരളിനെ ബാധിക്കുമ്പോൾ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലർന്ന മൂത്രം പോവുക, കാലിൽ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരിൽ രക്തസ്രാവവും ഉണ്ടാവാം.
മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ഒരു കാരണവശാലും സ്വയം ചികിത്സക്ക് മുതിരരുത്