അഹമ്മദാബാദ്: പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്‌കൂള്‍ വിദ്യാഭ്യാസമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാസൗകര്യങ്ങളും ഉള്ളവയായിരിക്കും പി.എം. ശ്രീ സ്‌കൂളുകള്‍. പുതിയ വിദ്യാഭ്യാസനയത്തിലെ 5+3+3+4 സമ്പ്രദായം പ്രീസ്‌കൂള്‍ മുതല്‍ സെക്കന്‍ഡറിവരെ ഉള്‍ക്കൊള്ളുന്നതാണ്. ശിശുസൗഹൃദപരമാണ്. അധ്യാപകപരിശീലനം, ശേഷികള്‍ ആര്‍ജിക്കല്‍, മാതൃഭാഷാപഠനം എന്നിവയ്ക്ക് ഊന്നല്‍നല്‍കുന്നതുമാണ് മന്ത്രി പറഞ്ഞു.ഇന്ത്യയെ ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയാക്കുന്നതിന് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്. സംസ്ഥാനങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പങ്കിടണം. പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിലും വിദ്യാഭ്യാസമന്ത്രിമാര്‍ യോജിച്ച് പ്രവര്‍ത്തിക്കണം അദ്ദേഹം നിര്‍ദേശിച്ചു.