കൊച്ചി : സാധാരണക്കാരന് നീതിപീഠത്തിലുളള വിശ്വാസം തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് ജസ്റ്റീസ് വി. ഷെര്‍സി. 2022 ജൂണ്‍ 1ന് വിരമിക്കുന്ന ജസ്റ്റീസ് ഷെര്‍സിക്ക് ഹൈക്കോടതിയില്‍ നല്കിയ യാത്ര അയപ്പിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വനിതാ ദിനത്തില്‍ ജസ്റ്റീസ് അനു ശിവരാമന്, ജസ്റ്റീസ് എംആര്‍ അനിത എന്നിവര്‍ക്കൊപ്പം ഫുള്‍ബെഞ്ച് സിറ്റിംഗില്‍ പങ്കെടുക്കാനായത് മറക്കാനാവാത്ത അനുഭവമാണെന്ന് പറഞ്ഞ ജസ്റ്റീസ് ഷെര്‍സി തന്റെ സഹോദരിയും ജില്ലാ ജഡ്ജിയുമായിരുന്ന ഷൈനിയുടെ അകാല വേര്പാടിനെക്കുറിച്ച പറഞ്ഞപ്പോള്‍ വിതുമ്പി.
ചീഫ് ജസറ്റീസിന്റെ അഭാവത്തില്‍ ജസറ്റീസ് കെ.വിനോദ് ചന്ദ്രന് ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് ,കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.രാജേഷ് വിജയന്, എന്നിവര്‍ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരടക്കം പങ്കെടുത്തു.
കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ സത്യം കണ്ടെത്താന്‍ വഴിയൊരുക്കിയത് ജസറ്റീസ് ഷെര്‍സിയുടെ ഇടപെടലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നു വിരമിച്ച ഫ്രൊഫസര്‍ ഡോ.പി.കെ ബാലചന്ദ്രനാണ് ഭര്‍ത്താവ് .മകള്‍ നമിത നീതി ബാലചന്ദ്രന് അഭിഭാഷകയാണ്.

