ഷിംല: ഷിംലയിലെ റിഡ്ജ് മൈതാനത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം നിര്‍ത്തി. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ കൈയിലിരിക്കുന്ന ഛായാചിത്രം പ്രധാനമന്ത്രിയുടെ കണ്ണിലുടക്കിയിരുന്നു, തന്റെ അമ്മ ഹീരാബെന്നിന്റെ ചിത്രം പ്രധാനമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി. പെണ്‍കുട്ടി തനിക്കുള്ള സമ്മാനമായി വരച്ചുകൊണ്ടുവന്ന ചിത്രം സ്വീകരിച്ചു. അതിനുശേഷം പേരു ചോദിച്ചു. താമസിക്കുന്നത് എവിടെയെന്നും ഈ ചിത്രം വരയ്ക്കാന്‍ എത്ര ദിവസം വേണ്ടിവന്നെന്നും ആരാഞ്ഞു. പേര് അനു എന്നാണെന്നും അടുത്തുതന്നെയാണു താമസമെന്നും പെണ്‍കുട്ടി മറുപടി നല്‍കി. വരയ്ക്കാന്‍ ഒരു ദിവസമേ വേണ്ടിവന്നുള്ളൂ. പ്രധാനമന്ത്രിയുടെ ചിത്രവും വരച്ചിട്ടുണ്ടെന്നും അതു ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് വഴി ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ടെന്നും അനു പറഞ്ഞു. വാത്സല്യത്തോടെ അനുവിന്റെ തലയില്‍ തൊട്ടുതലോടിയാണു പ്രധാനമന്ത്രി മടങ്ങിയത്.