എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

കാസര്‍കോട്  ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാകുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം നിലവില്‍ വന്നു. അപേക്ഷകര്‍ക്ക് relief.kerala.gov.in എന്ന പോര്‍ട്ടലില്‍ എന്‍ഡോസള്‍ഫാന്‍ ധനസഹായം എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍/ വില്ലേജ് ഓഫീസുകള്‍ വഴി നേരിട്ട് അപേക്ഷ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അിറയിച്ചു . ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ ഒ പി നമ്പര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകള്‍ സഹിതം അപേക്ഷ നല്‍കുക.
എന്‍ഡോസള്‍ഫാന്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ക്യാമ്പില്‍ നിന്നോ ലഭിച്ച ഒപി നമ്പര്‍ ഉപയോഗിച്ച് അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ ചേര്‍ക്കാം. ഒ.പി നമ്പര്‍ ലഭ്യമല്ലാത്ത ദുരിത ബാധിതര്‍ അവരവരുടെ വില്ലേജ് ഓഫീസുമായോ കാസര്‍കോട് കളക്ടറേറ്റ് എന്‍ഡോസള്‍ഫാന്‍ സെല്‍ 04994-257330 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ധനസഹായം സ്വീകരിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുമ്പോള്‍ അക്കൗണ്ട് നമ്പറും ഐ.എഫ്.സി കോഡും കൃത്യമാണെന്നും അതുപോലെ ബാങ്ക് അക്കൗണ്ട് നിലവില്‍ ആക്റ്റീവ് ആണെന്നും അഞ്ച് ലക്ഷം രൂപവരെയുള്ള തുക ഉള്‍ക്കൊള്ളുന്നതിന് പര്യാപ്തമാണെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട് ഇതുവരെ യാതൊരു തുകയും ലഭ്യമാകാത്തവരും ഭാഗികമായി (അഞ്ച് ലക്ഷത്തില്‍ താഴെ) തുക ലഭിച്ചവരുമാണ് ഇപ്പോള്‍ ധനസഹായത്തിന് അര്‍ഹതയുള്ളത്. ദുരിതബാധിതര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ അവകാശികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കുക ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകള്‍ വസ്തുത ഇവ പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നേരിട്ട് കൈമാറും. ധനസഹായം എന്‍ഡോസള്‍ഫാന്‍ ചികില്‍സയ്ക്കും ഭാവിയിലേക്കൊരു മുതല്‍കൂട്ടായി ബാങ്കില്‍ സ്ഥിരനിക്ഷേപമായോ ഉപയോഗപ്പെടുത്തണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →