**ഒരാഴ്ച നീളുന്ന കനകക്കുന്നിലെ ‘എന്റെ കേരളം’ മെഗാ മേളയ്ക്ക് കൊടിയേറി
*ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ മന്ത്രി ആന്റണി രാജു നിർവഹിച്ചു
ലോകം മുഴുവൻ അസ്വസ്ഥതകൾ ഉടലെടുക്കുമ്പോഴും ജാതിമതഭേദമില്ലാതെ സൗഹാർദത്തോടെ കഴിയുന്ന കേരള ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സമൂഹം ജാഗരൂകരായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ശക്തമായ നടപടികൾ എടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. വിസ്മയ കേസ് സംബന്ധിച്ച സർക്കാരിന്റെ ഇടപെടൽ ഇതിന് തെളിവാണ്. സമൂഹത്തിന്റെ മനഃസാക്ഷിയെതൊട്ട കേസിൽ പ്രതിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയായി വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഒരു വർഷമാണ് കടന്നു പോയത്. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണ ആർജിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് ലോകത്തെ ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്നു. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്ത് സർക്കാർ ജനങ്ങൾക്ക് ആശ്വാസമായപ്പോൾ എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇപ്പോൾ സേവനം എത്തിക്കുന്നു. കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോൾ നമ്മൾ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി മാതൃക സൃഷ്ടിക്കുന്നു. ജനങ്ങൾക്ക് സഞ്ചരിക്കാൻ അത്യാധുനിക ബസ്സുകൾ തയ്യാറാക്കി. മത്സ്യ മേഖലയിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സമുദ്ര ബസ്സ് ആരംഭിച്ചു. കോവളം-ബേക്കൽ ജലപാത യാഥാർഥ്യമാകാൻ പോകുന്നു. സിൽവർലൈൻ കൂടി യാഥാർഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ച നീളുന്ന കനകക്കുന്നിലെ പ്രദർശനം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കൂട്ടി ചേർത്തു.
സർക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കാത്ത ജനങ്ങൾ കേരളത്തിൽ ഉണ്ടാവില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരാണിത്. ഭക്ഷ്യ വകുപ്പിൽ രണ്ട് ലക്ഷത്തി അമ്പത്തിനാലായിരം അർഹരായവർക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷി വകുപ്പ് നടപ്പാക്കുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ എല്ലാം ജനങ്ങളുടെ മുമ്പിൽ അനുഭവസാക്ഷ്യമായുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ല കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്, ജില്ല വികസന കമ്മീഷണർ വിനയ് ഘോയൽ, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ല ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ഭരണകൂടവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദർശന നഗരിയിൽ മുന്നൂറോളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.