ലഡാക്കില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ലഡാക്കില്‍ വാഹനാപകടത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി ജവാന്‍. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് നീങ്ങുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. 26 സൈനികര്‍ സംഘത്തിലുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. 50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട് ഇവരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →