ജില്ലയില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അതത് തലങ്ങളില്‍ തന്നെ പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ ഏകോപന സമിതിയുടെ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓടകളുടേയും സ്ലാബുകളുടേയും സാങ്കേതിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി പൊതുജനങ്ങള്‍ ജില്ലാ കളക്ടറേയും എംഎല്‍എമാരേയും കാണേണ്ട അവസ്ഥയുണ്ടാക്കരുതെന്നും കളക്ടര്‍ പറഞ്ഞു. ഉത്സാഹത്തോടെയും കൃത്യതയോടെയും സമയബന്ധിതമായും എല്ലാ ജോലികളും പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. നവീകരണം നടക്കുന്ന റോഡുകളുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.വിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെആര്‍എഫ്ബി, എന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.