മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ.ജയചന്ദ്രന്‍ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ജില്ലാതല സാംക്രമിക പ്രതിരോധ സെല്ലിന്റെ (റീച്ച്)യോഗം ചേര്‍ന്ന് ജില്ലയിലെ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകുവാന്‍ ഇടയുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹോമിയോ വകുപ്പിന്റെ സാംക്രമിക രോഗ പ്രതിരോധ സെല്‍ നിര്‍ദേശം നല്‍കി. ഇടവിട്ടുള്ള മഴയും വെയിലും ചേര്‍ന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നു. കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയ്‌ക്കൊപ്പം തന്നെ ജലജന്യ രോഗങ്ങള്‍ക്കും അനുകൂലമായ കാലാവസ്ഥയാണിത്. കൊതുകകളുടെ ഉറവിട നശീകരണത്തിലൂടെയും പരസ്പര-വ്യക്തി ശുചിത്വത്തിലൂടെയും മാത്രമേ ഇവയെ പ്രതിരോധിക്കാനാകൂ.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്താനും റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, മറ്റ് പകര്‍ച്ച പനികള്‍ എന്നിവയ്ക്കുള്ള ചികിത്സയും പ്രതിരോധ മരുന്നുകളും എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/എന്‍.എച്ച്.എം ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ പൂര്‍ണമായും സൗജന്യമായി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും എല്ലാ സ്ഥാപനങ്ങളും പരിസരം വൃത്തിയാക്കാനും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ പാലനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഡോ.സ്മിത്, ഡോ.അജയകുമാര്‍, ഡോ.സരീഷ്, ഡോ.ശ്രീശോബ്, ഡോ.ഷാജി കുട്ടി, ഡോ.ഷൈനി, ഡോ.അഗസ്റ്റിന്‍ എ.ജെ എന്നിവര്‍ പങ്കെടുത്തു.