കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മണിച്ചന്റെ മോചനം: ഫയൽ ഗവർണറുടെ മുമ്പാകെയെന്ന് സൂചന

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ കഴിയുന്ന മണിച്ചന്റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാൻ സംസ്ഥാനത്തിന് സുപ്രീംകോടതി നിർദ്ദേശം. പേരറിവാളന്റെ മോചനം സംബന്ധിച്ച് സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താകണം തീരുമാനമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൈമാറിയ ഇ-ഫയൽ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയില്ല. ഫയൽ അഭിഭാഷകന് കോടതി തിരിച്ചു നൽകി. മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിൻറെ പരിഗണനയിലാണെന്ന് സർക്കാർ സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവർണറുടെ മുമ്പാകെ ഫയൽ ഉണ്ടെന്ന സൂചനയാണ് ഇതിലൂടെ സർക്കാർ നൽകിയത്. തീരുമാനമെടുക്കുമ്പോൾ പേരറിവാളൻ കേസിലെ സുപ്രീംകോടതി വിധി കൂടി കണക്കിലെടുക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. തടവുകാരുടെ മോചനം പോലുള്ള വിഷയങ്ങളിൽ കാലതാമസം പാടില്ല എന്നായിരുന്നു പേരറിവാളൻ കേസിലെ നിർദ്ദേശം. ഈ സാഹചര്യത്തിൽ മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശുപാർശയിൽ നാലാഴ്ച്ചയ്ക്കകം ഗവർണർക്ക് തീരുമാനം എടുക്കേണ്ടി വരും.

മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ കോടതി തീരുമാനിക്കും എന്ന മുന്നറിയിപ്പും നേരത്തെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ച് നൽകിയിരുന്നു.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. ഈ ദുരന്തത്തിൽ 31 പേർ മരിച്ചു. ആറു പേർക്ക് കാഴ്ച പോയി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചൻറെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →