സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു : റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു

തൃശ്ശൂർ: സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂ‍ർണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.മഴക്കെടുതികൾ തുട‍ർച്ചയായി റിപ്പോർട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം .ബന്ധപ്പെടേണ്ട നമ്പർ – 8078548538

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. നിലവിൽ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിന്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 cm വീതവുമാണ് (ആകെ 80 cm) നിലവിൽ ഉയർത്തിയിട്ടുള്ളത്. വൈകീട്ട് 04:30 ന് മൂന്നാമത്തെ ഷട്ടർ 20 cm ഉം നാലാമത്തെ ഷട്ടർ 10 cm ഉംകൂടി (അകെ 110 cm) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കനത്തമഴയിൽ നാട്ടികയിൽ തെങ്ങ് വീണ് വീട് തകർന്നു. നാട്ടിക ജുമാ മസ്ജിദിന് സമീപം പതിനാലാം വാർഡിൽ വേളുവീട്ടിൽ നാരായണന്റെ ഓടിട്ട വീടാണ് തകർന്നത്. വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് വീട്ടിലെ തെങ്ങ് കടപുഴകി വീണത്. വീട് ഭാഗികമായി തകർന്നു.സംഭവ സമയത്ത് വീടിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.

കണ്ണൂർ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പഴശി ഡാമിന് തീരത്തുള്ളവർ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരോടും മാറിതാമസിക്കാൻ നിർദേശം നൽകി. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

തിരുവനന്തപുരം വർക്കലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. വെട്ടൂർ ഒന്നാംപാലം തീരദേശറോഡ് കനത്തമഴയിൽ ഇടിഞ്ഞുവീണു. അപകട സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. റോഡിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും അപകടവസ്ഥയിലാണ്

അതേസമയം സംസ്ഥാനത്ത് മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (20-05-2022) എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഉളളത്.

വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ :21-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്.22-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 23-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്.

.24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →