മലപ്പുറം: ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കൽ : മന്ത്രി കെ. രാജൻ

ചെറിയമുണ്ടം പഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം നൽകി 

മലപ്പുറം: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷപരിപാടി നടക്കുന്ന തിരൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചെറിയ മുണ്ടം പഞ്ചായത്തിലെ പരന്നേക്കോട് കോളനിയിലെ 67 കുടുംബങ്ങൾക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യു വകുപ്പ് മുന്നോട്ട് പോവുന്നത്. ഏറ്റവും കൂടുതൽ ഭൂരഹിതരെ ഭൂമിയുടെ ഉടമകളാക്കി മലപ്പുറം ജില്ല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച്ച വെക്കുന്നത്. സംസ്ഥാനസർക്കാരിന്റെ ആദ്യ നൂറു ദിനത്തിനുള്ളിൽ 2061 കുടുംബങ്ങൾക്കും ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ 10,136 കുടുംബങ്ങൾക്കും പട്ടയം നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും എം എൽ എ മാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് ഭൂരഹിതരുടെ വിവരങ്ങളടങ്ങിയ പട്ടയ ഡാഷ് ബോർഡ്‌ രൂപീകരിച്ചു കൊണ്ട് ജനങ്ങളിലേക്കിറങ്ങിച്ചെന്നാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ചടങ്ങിൽ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി. 67 കുടുംബങ്ങളും മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും പട്ടയങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ സ്വാഗതം പറഞ്ഞു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, ചെറിയമുണ്ടം 

 പഞ്ചായത്ത്‌ അംഗം സുലൈമാൻ കോടനിയിൽ, തിരൂർ ആർ ഡി ഒ പി. സുരേഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.സി രാധാകൃഷ്ണൻ, പി.പി മൂസക്കുട്ടി ,എൻ.വി ഉണ്ണികൃഷ്ണൻ,പി.പി അവറാൻ ഹാജി ,ചന്ദ്രൻ കുടക്കിൽ , സി.കെ അബ്ദു എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →