സ്വർണ്ണവ്യാപാരിയുടെ വീട്ടിലെ കവർച്ച; നഷ്ടപ്പെട്ടത് മൂന്ന് കിലോ സ്വർണ്ണവും, രണ്ട് ലക്ഷം രൂപയും

ഗുരുവായൂർ : ഗൾഫിൽ ജ്വല്ലറി നടത്തുന്ന ഗുരുവായൂർ ദേവസ്വം ആനത്താവളത്തിന് സമീപം തമ്പുരാൻ പടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. ഒന്നര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 12/5/2022 (വ്യാഴാഴ്ച) രാത്രി ഏഴരയോടെയാണ് സംഭവം. വൈകിട്ട് മൂന്നരയോടെ ബാലനും കുടുംബവും സിനിമ കാണാൻ പോയിരുന്നു. രാത്രി ഒൻപതോടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് സംശയം തോന്നി വീട്ടിൽ പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജോലിക്കാരൻ വൈകിട്ട് അഞ്ചോടെ ഗേറ്റ് പൂട്ടി വീട്ടിൽ പോയിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു കിലോ തൂക്കം വരുന്ന 2 സ്വർണ ബാറുകൾ,120 ഗ്രാം തൂക്കമുള്ള മൂന്നെണ്ണം,100 ഗ്രാം തൂക്കമുള്ള മൂന്നെണ്ണം, 40 പവൻ ആഭരണങ്ങൾ ഉൾപ്പെടെയാണ് കവർന്നത്. 40 വർഷമായി യു.എ.ഇയിലെ അജ്മാനിൽ ജ്വല്ലറി നടത്തുന്ന ബാലൻ അഞ്ചുമാസമായി നാട്ടിലുണ്ട്. സ്വർണ്ണം ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്ന ആൾ ആകാം മോഷണം നടത്തിയത് എന്നാണ് പോലീസ് കരുതുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പിൻഭാഗത്തെ മതിൽ ചാടിക്കടന്ന് മുകളിലെ നിലയിൽ കയറി ടെറസിലേക്കുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. മതിലിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന കാൽപ്പാടുകൾ ഉണ്ട് . സമീപത്തെ വീടുകളിലെ ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ഗുരുവായൂർ എ.സി.പി കെ. ജി.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →