കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കി. മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പൊതുസ്ഥലത്തും റോഡരികുകളിലും കെട്ടിടങ്ങള്‍ക്ക് ഭീഷണിയായും അപകടം വരുത്തുന്ന രീതിയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് റിപ്പോര്‍ട്ട് തേടി. അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗം തഹസില്‍ദാര്‍മാരോട് നിര്‍ദ്ദേശിച്ചു. അപകട ഭീഷണിയിലുള്ള മരങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിവരം ബന്ധപ്പെട്ടവരെ അറിയിക്കാം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുള്ള അപകട ഭീഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം നടപടി സ്വീകരിക്കും. പാറമടകള്‍ വേലി കെട്ടി സംരക്ഷിക്കണമെന്നും രണ്ടു ദിവസം മഴ തുടര്‍ന്നാല്‍ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും നിര്‍ദ്ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ പാറമടകളില്‍ അമിതമായി വെള്ളം സംഭരിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഡെങ്കിപനിയും എലിപനിയും ജലജന്യ രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മലേറിയ ഓഫീസര്‍ പി സുരേശന്‍ അറിയിച്ചു. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എലിപനിയും ഡെങ്കിയും വര്‍ധിക്കാന്‍ ഇടയുണ്ട്. ഡെങ്കി പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. സ്‌കിന്‍ തോട്ടങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും കവുങ്ങിന്‍ തോട്ടങ്ങളിലും ശുദ്ധജലത്തിലും ആണ് ഇവ വ്യാപകമായി വളരുന്നത്. ഡെങ്കി ഏപ്രില്‍ മാസത്തില്‍ 28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ അത് 40 ആയി. 32 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനത്തടി, ബളാല്‍, കുറ്റിക്കോല്‍, പുല്ലൂര്‍ പെരിയ തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതലായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എലിപ്പനി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും നീലേശ്വരം നഗരസഭയിലും ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യജാഗ്രത പ്രവര്‍ത്തനം പഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലും ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
തീരദേശ പോലീസിന് മത്സ്യബന്ധന തൊഴിലാളികളെ രക്ഷിക്കുന്നത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ ബോട്ട് ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. നിലവില്‍ നീലേശ്വരം കേന്ദ്രീകരിച്ചാണ് രക്ഷാ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഒരു രക്ഷാബോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഇതിന് ഫിഷറീസ് വക്യുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായ തൊഴിലാളികളുടെ പട്ടിക ലഭ്യമാകുന്ന മുറക്ക് സൗജന്യറേഷന്‍ വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കണം.
കടലാക്രമണത്തില്‍ തെങ്ങുകള്‍ക്കും കാലവര്‍ഷത്തില്‍ കാര്‍ഷിക വിളകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടത്തെ കുറിച്ച് അടിയന്തരമായി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിളകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് മേയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അിറയിച്ചു.
യോഗത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ്പി പി കെ സുധാകരന്‍, റവന്യു ജൂനിയര്‍ സൂപ്രണ്ട് സഞ്ജയകുമാര്‍, തഹസില്‍ദാര്‍മാര്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.