ഭൂമിയില്‍ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ ദിവ്യസംഗീതം. സൂഫീ തന്ത്രികളില്‍ ലയ സാന്ദ്രമായി ഒരു സായാഹ്നം. പ്രശസ്ത സൂഫി ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറുമാണ് എന്റെ കേരളം വേദിയില്‍ നന്മയുടെ പാട്ടുകളുമായെത്തിയത്. ഗായകനായ സി. മിഥുലേശും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സൂഫി സംഗീതത്തെ അടുത്തറിയാന്‍ നിറഞ്ഞ സദസ്സും മഴയെ വക വെക്കാതെ എത്തിയിരുന്നു.
ലോക കാലുഷ്യത്തിന്റെ കനല്‍ കെടുത്താന്‍ ഇറ്റു വീഴുന്ന സ്‌നേഹ മഞ്ഞ് തുള്ളികള്‍.സൂഫി കാവ്യാലാപനത്തില്‍ പതിറ്റാണ്ട് പിന്നിട്ട ഗായകരാണ് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും.
ആത്മീയതയിലും ആലാപനത്തിലും ഹൃദയം തൊട്ട വരികളില്‍ അവര്‍ പാടി. പട്ടാപകല്‍ ചൂട്ടും വിരിച്ച് മനുഷ്യനെ തേടി നടന്നു… പക്ഷേ മനുഷ്യനെ കണ്ടില്ല ….സൂഫി കാവ്യാലാപനത്തിന്റെ ജനകീയതയും ആസ്വാദനവും സദസ്സിനെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചു.
ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ് , ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍ , ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍, മസ്താന്‍ കെ.വി.അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍, ഇങ്ങനെ നീളുകയായിരുന്നു സംഗീത സായാഹ്നം.
തനത് സൂഫി കാവ്യാലാപനം വയനാടിനും വേറിട്ട അനുഭവമായി. സ്‌നേഹ മൈത്രിയുടെ നിദര്‍ശനങ്ങളായ ഇവരുടെ സൂഫി സംഗീതത്തില്‍ നാരായണ ഗുരു , ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗത്മക ശീലുകള്‍, പരിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍, ഉപനിഷദ് വാക്യങ്ങള്‍, തുടങ്ങിയവ കൂടി കണ്ണി ചേര്‍ന്നിരുന്നു.