തോമസ് കപ്പ്: ഇന്ത്യ മെഡല്‍ ഉറപ്പാക്കി

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ മലേഷ്യയെ 3-2 നു തോല്‍പ്പിച്ചു.നിര്‍ണായക സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ലിയോങ് ജുന്‍ ഹാവുവിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമിയില്‍ കടന്നത്.

ഡബിള്‍സ്, രണ്ട് സിംഗിള്‍സ് മത്സരങ്ങളും കഴിഞ്ഞതോടെ ഇരു രാജ്യങ്ങളും 2-2 എന്ന നിലയിലായിരുന്നു. ആദ്യ സിംഗിള്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ ലീ സി ജിയയോട് തോറ്റു. ഡബിള്‍സില്‍ സ്വാതിക്സായ് രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഗോഘ് സീ ഫീ- നുര്‍ ഇസുദീന്‍ സഖ്യത്തെ തോല്‍പ്പിച്ച് തിരിച്ചടിച്ചു. രണ്ടാം സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ജയിച്ചതോടെ ഇന്ത്യ മുന്നിലെത്തി. എന്‍ജി സെ യോങിനെ 21-11, 21-17 എന്ന സ്‌കോറിനാണു ശ്രീകാന്ത് തോല്‍പ്പിച്ചത്. രണ്ടാം ഡബിള്‍സില്‍ കൃഷ്ണ പ്രസാസ് ഗാരാഗ- വിഷ്ണു വര്‍ധന്‍ പാഞ്ചാല സഖ്യത്തെ ആരണ്‍ ചിയ- ടി ഇ യി സഖ്യം തോല്‍പ്പിച്ചതോടെ മലേഷ്യ ഒപ്പമെത്തി. സ്‌കോര്‍: 21-11, 21-17.ഡെന്‍മാര്‍ക്കും ദക്ഷിണ കൊറിയയും തമ്മില്‍ നടക്കുന്ന മത്സരത്തിലെ ജേതാക്കളാണു സെമിയില്‍ ഇന്ത്യയെ നേരിടുക. ഇന്ത്യ 1952, 55, 1979 സീസണുകളിലും സെമിയില്‍ കടന്നിരുന്നു. അന്നു ഫൈനലിസ്റ്റുകള്‍ക്കു മാത്രമായിരുന്നു മെഡല്‍ നല്‍കിയിരുന്നത്. നിയമം മാറിയതോടെ ഇന്ത്യക്കു വെങ്കലം ഉറപ്പാക്കാനായി.

യൂബര്‍ കപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്ലന്‍ഡിനോട് 3-0 നാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ പി.വി. സിന്ധു റാച്നോക് ഇന്താനോണിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ അടിയറ പറഞ്ഞു. സ്‌കോര്‍: 21-18, 17-21, 12-21. പിന്നാലെ ഡബിള്‍സ് കൂട്ടുകെട്ട് ശ്രുതി മിശ്ര – സിമ്രാന്‍ സിംഗിയും രണ്ടാം സിംഗിള്‍സില്‍ ആകര്‍ഷി കാശ്യപും തോറ്റു. ജോങ്കോല്‍പാന്‍ – റാവിന്ദ പ്രാജോഗാല്‍ ജോഡിയാണ് ശ്രുതി മിശ്ര – സിമ്രാന്‍ സിംഗി സഖ്യത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-13. പോണ്‍പാവീ ചോചുവോങാണ് ആകര്‍ഷി കാശ്യപിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-11. മത്സരം ആകെ 42 മിനിറ്റ് നീണ്ടു. അഞ്ച് റൗണ്ടുകളുടെ മത്സരത്തില്‍ തായ്ലന്‍ഡ് 3-0 ത്തിനു ലീഡ് നേടിയതോടെ ട്രീസ ജോളി – താനിഷ ക്രാസ്റ്റോ സഖ്യവും ബെനിയാപ അയിംസാദ് – നുന്‍കാന്‍ അയിംസാദ് സഖ്യവും തമ്മിലുള്ള ഡബിള്‍സും അഷ്മിത ചാലിഹയും ബുസാനന്‍ ഓങ്ബാഫാനും തമ്മിലുള്ള സിംഗിള്‍സും ഉപേക്ഷിച്ചു. ഇന്തോനീഷ്യയെ തോല്‍പ്പിച്ചു മുന്നേറിയ ചൈനയുമായാണ് തായ്ലന്‍ഡിന്റെ സെമി ഫൈനല്‍ മത്സരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →