പത്തനംതിട്ടയ്ക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍; എന്റെ കേരളം പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനമേളയ്‌ക്കൊപ്പം കലാ, സാംസ്‌കാരിക പരിപാടികളും ഇനിയുള്ള ഏഴ് ദിവസം ജില്ലയുടെ ദിനങ്ങളെ ധന്യമാക്കും. നാടന്‍ പാട്ടിന്റെ മേളപ്പെരുക്കത്തോട് കൂടിയായിരുന്നു ഇന്നലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശരത് മണ്ണാറമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും ശിങ്കാരിമേളവും ഉദ്ഘാടന വേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലാക്കി.


ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തെ മറ്റേതു ഭരണാധികാരിയും ചിന്തിക്കുന്നതിനപ്പുറമുള്ള വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും ബി.എംആന്‍ഡ് ബി.സി. നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും എംഎല്‍എ പറഞ്ഞു.


എല്ലാ ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു പിടിച്ച സര്‍ക്കാരാണിതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു. ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കാലത്തും തല ഉയര്‍ത്തി നില്‍ക്കുവാന്‍ പഠിപ്പിച്ച സര്‍ക്കാരാണിത്. പ്രയാസ കാലത്തും നവകേരളത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സര്‍ക്കാരാണിത്. ജനങ്ങളെ ഒന്നിച്ചു നിര്‍ത്താനും കൈത്താങ്ങാവാനും സാധിച്ച സര്‍ക്കാണെന്നും എംഎല്‍എ പറഞ്ഞു. ആവര്‍ത്തിച്ചു വരുന്ന പ്രളയത്തിലും വികസന വഴിയില്‍ കുതിക്കുന്ന പത്തനംതിട്ട അതിജീവനത്തിന്റെ പര്യായമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജനങ്ങളുമായി ഇഴുകി ചേര്‍ന്നു കൊണ്ടുള്ള പ്രദര്‍ശന മേളയാണിത്. ജില്ലയുടെ വികസന പടവുകള്‍ മേളയില്‍ കാണാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഈ മാസം 17 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രവേശം സൗജന്യമാണ്. ദിവസവും രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് മേള.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →