മുംബൈ: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ കുടുക്കാന്‍ മുംബൈ, താനെ ജില്ലകളില്‍ എന്‍.എന്‍.എ. റെയ്ഡ്. ഹവാല ഇടപാടുകാര്‍, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരുടെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനകള്‍ക്കൊടുവില്‍ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി സലിം ഫ്രൂട്ടിനെ മുംബൈയിലെ വസതിയില്‍നിന്ന് എന്‍.ഐ.എ. പിടികൂടി. ഇയാളില്‍നിന്നു പ്രധാനപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ബാന്ദ്ര, കുര്‍ല, മാഹിം, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേല്‍, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ദാവൂദ് ഇബ്രാഹിമിന്റെ റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ലഹരി കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, ക്രിമിനല്‍ സംഘത്തിലെ മറ്റു നിര്‍ണായക ചുമതലയിലുള്ളവര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയായിരുന്നു പരിശോധന.
ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സലിം ഫ്രൂട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതിനായി സംഘടിത കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നു കാട്ടി ഡി കമ്പനിയുടെ ഉന്നത നേതൃത്വത്തില്‍ ഉള്ളവര്‍ക്കെതിരേ ഉള്‍പ്പെടെ എന്‍.ഐ.എ. ഫെബ്രുവരിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട പലരും ഇപ്പോള്‍ വിദേശത്താണ്.

