നേതാക്കള്‍ മാന്യമായ ഭാഷയില്‍ പ്രസ്താവന നടത്തണം: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ കോടതി

ന്യൂഡല്‍ഹി: സമരം ചെയ്ത കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലായെങ്കില്‍ ലഖിംപുര്‍ ഖേരി സംഘര്‍ഷം ഒഴിവാക്കാമായിരുന്നെന്ന് അലാഹാബാദ്‌ ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ മാന്യമായ ഭാഷയില്‍വേണം പ്രസ്താവനകള്‍ നടത്താന്‍. അവരുടെ പദവിക്കും അന്തസിനും യോജിക്കുംവിധം വേണം പെരുമാറാനെന്നും ലഖിംപുര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ മാന്യമായ ഭാഷയിലായിരിക്കണം അഭിപ്രായപ്രകടനം നടത്തേണ്ടത്. ഉയര്‍ന്ന പദവികളിലിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും ജസ്റ്റിസ് ദിനേശ്കുമാര്‍ സിങ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ നിലനിന്നിരുന്ന സ്ഥലത്ത് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും സംസ്ഥാന ഉപമുഖ്യമന്ത്രിയും പങ്കെടുത്ത ഗുസ്തി മത്സരം എങ്ങനെയാണു സംഘടിപ്പിച്ചതെന്നും കോടതി ആരാഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധം കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അവഗണിച്ച് പ്രദേശത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച യു.പി. ഉപമുഖ്യമന്ത്രിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ ഉത്തരവിനെക്കുറിച്ച് ഉപമുഖ്യമന്ത്രിക്ക് അറിയില്ലെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ്, യു.പി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത ഗുസ്തി പരിപാടിക്കുപോയ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തില്‍ മകന്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നു. ഈ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കര്‍ഷകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ലഖിംപൂര്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ക്കെതിരേ അജയ് മിശ്ര ഭീഷണി മുഴക്കിയിരുന്നു. കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ‘രണ്ട് മിനിറ്റിനുള്ളില്‍ കര്‍ഷകരെ ശരിയാക്കുമെന്നായിരുന്നു പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിയുടെ ഭീഷണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →