ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഇന്ന് (08.05.2022) അസാനി ചുഴലിക്കാറ്റായി മാറും. വൈകിട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

അസാനി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ വൈകിട്ടോടെ അസാനി ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകും. തിങ്കളാഴ്ച ആഡ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് അസാനിയുടെ ഇപ്പോഴത്തെ സഞ്ചാരപാത. പശ്ചിമബംഗാളിലും കൊൽക്കത്തയിലും മഴ മുന്നറിയിപ്പുണ്ട്. ആശങ്കപ്പെടാനില്ലെന്നും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സർക്കാർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →