സംസ്ഥാനത്തെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ പ്രവർത്തനങ്ങളെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കിനാലൂർ ജി.യു.പി.എസ്സിന്റെ ഐ.എസ്.ഒ പദവി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂളുകൾ ഒറ്റപ്പെട്ട തുരുത്തുകൾ ആവാതെ ചുറ്റുമുള്ള പ്രാദേശിക സമൂഹവുമായി നേരിട്ടും ആഗോള സമൂഹവുമായി ബൗദ്ധിക തലത്തിലും കൊടുക്കൽ വാങ്ങലുകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മാഹാമാരിക്കാലത്തും നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഹയർസെക്കണ്ടറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ ക്യു.ആർ. കോഡ് ചേർക്കുന്ന പ്രവർത്തനം 60% പൂർത്തിയാക്കി. എസ്.സി.ഇ.ആർ.ടി കൈറ്റുമായി ചേർന്ന് രൂപീകരിക്കുന്ന ‘സഹിതം’ പോർട്ടൽ സംബന്ധിച്ച നടപടികൾ മെയ് മാസം പൂർത്തിയാകും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാൻ തുടങ്ങി എന്നത് വലിയ നേട്ടമാണ്. ജി.യു.പി.എസ് കിനാലൂർ ഒരു മാതൃകയാണെന്നും വിദ്യാലയം സ്വീകരിച്ച നടപടികൾ മറ്റ് സ്‌കൂളുകൾക്കും മാതൃക ആക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ വിദ്യാലയമാണ് കിനാലൂർ ജി.യു.പി.എസ്. അക്കാദമിക- ഭൗതിക മികവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയം നേട്ടം കൈവരിച്ചത്.
കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽബാരി റിപ്പോർട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി കെ. പണിക്കർ, ഹരീഷ് ത്രിവേണി, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടംവള്ളികുന്നത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഇസ്മയിൽ രാരോത്ത്, ബി.പി.സി ഡിക്റ്റ മോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വികസന സമിതി ചെയർമാൻ ദേവദാസ് എം.പി നന്ദി പറഞ്ഞു.