ഉത്പാദനം പൂര്‍ണതോതിലാക്കാന്‍ കല്‍ക്കരി നിലയങ്ങള്‍ക്കു നിര്‍ദേശം

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത കല്‍ക്കരിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ ഉത്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്ത് ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശം.

അടിയന്തര സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തര കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള എല്ലാ ഉത്പാദന കമ്പനികളോടും മിശ്രിതത്തിനായി ആവശ്യമായ കല്‍ക്കരിയുടെ 10 ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാനും ഊര്‍ജ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത്‌ വൈദ്യുതിയുടെ ഉപയോഗത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഭ്യന്തര കല്‍ക്കരി ഉത്പാദനവും വിതരണവും വര്‍ധിച്ചെങ്കിലും ഊര്‍ജോത്പാദനത്തിന്റെ വര്‍ധിച്ച ആവശ്യകത നിറവേറ്റാന്‍ അതു മതിയാകില്ല. ഊര്‍ജ പ്രതിസന്ധി കാരണം രാജ്യത്ത് പലയിടത്തും ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഇറക്കുമതി വര്‍ധിപ്പിക്കാനും കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയത്. രാജ്യത്ത് ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത നിലയങ്ങളുടെ ഉത്പാദന ശേഷി ഏകദേശം 17,600 മെഗാവാട്ട് ആണ്. എന്നാല്‍, നിലവില്‍ 10,000 മെഗാവാട്ട് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള എല്ലാ വൈദ്യുത നിലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (പി.പി.എ) ഉടമകള്‍ക്ക് ആദ്യം വൈദ്യുതി നല്‍കാനും മിച്ചമുള്ളത് പവര്‍ എക്സ്ചേഞ്ചുകള്‍ക്ക് വില്‍ക്കാനും നിലയങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →