മര്‍ലിന്‍ മണ്‍റോയുടെ ഗൗണ്‍ ധരിച്ച് കിം കര്‍ദാഷിയാന്‍

ന്യൂയോര്‍ക്ക്: മെറ്റ് ഗാല 2022 റെഡ് കാര്‍പറ്റില്‍ ഹോളിവുഡ് ഇതിഹാസം മര്‍ലിന്‍ മണ്‍റോയുടെ ഗൗണ്‍ ധരിച്ചെത്തി സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാന്‍. 1962ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായപ്പോള്‍ മര്‍ലിന്‍ ധരിച്ച ഐകോണികിറ്ററിങ് ഗൗണ്‍ ആണു കര്‍ദാഷിയാന്‍ ധരിച്ചത്. നിലവില്‍ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ഗൗണ്‍ ധരിക്കാനായി കിം മൂന്നാഴ്ച കൊണ്ട് ഏഴു കിലോ ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. 1962-ല്‍ 1440 ഡോളറാണ് (ഏകദേശം 1.1 ലക്ഷം രൂപ) മര്‍ലിന്‍ ഈ ഗൗണിനായി മുടക്കിയത്. 6000 ക്രിസ്റ്റലുകളുള്ള ഈ ഗൗണ്‍ ഷോണ്‍ ലൂയിസ് ആണ് ഡിസൈന്‍ ചെയ്തത്. ഈ സ്‌കിന്‍ ടൈറ്റ് ഗൗണ്‍ അണിഞ്ഞ് കെന്നഡിക്ക് ജന്മദിനാശംസാ ഗാനം ആലപിക്കുന്ന മര്‍ലിന്റെ ചിത്രം അന്ന് ലോകശ്രദ്ധ നേടിയിരുന്നു. ഗൗണ്‍ ഫാഷന്‍ ചര്‍ച്ചകളില്‍ നിറയുകയും ചെയ്തു. 1999-ല്‍ 12.6 ലക്ഷം അമേരിക്കന്‍ ഡോളറിന്(ഏകദേശം 9.65 കോടി രൂപ) ഗൗണ്‍ ലേലത്തില്‍ പോയി. 2016-ലെ ലേലത്തില്‍ 4.6 മില്യന്‍ ഡോളറിനാണു (ഏകദേശം 35.23 കോടി രൂപ)ഗൗണ്‍ വിറ്റത്.
മര്‍ലിന്‍ മണ്‍റോയ്ക്കുശേഷം ആദ്യമായാണു മറ്റൊരാള്‍ ഈ ഗൗണ്‍ ധരിക്കുന്നത്. പ്രത്യേകം താപനില സജ്ജീകരിച്ച ഇരുട്ടു മുറിയിലാണ് ഗൗണ്‍ സംരക്ഷിക്കുന്നത്. ഗൗണിന്റെ ആകൃതിയില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ പാടില്ലാത്തതിനാല്‍ കിം ഭാരം കുറച്ച് ശരീരഘടന ഗൗണിന് അനുയോജ്യമായ രീതിയില്‍ മാറ്റുകയായിരുന്നു. മര്‍ലിന്റെ ഗൗണ്‍ ധരിച്ചതിനെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്നാണ് കിം വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →