കാസർകോട്: മലയോര കർഷകരുടെ പ്രധാന പ്രശ്നങ്ങളിലൊന്നായ കാട്ടുപന്നി ശല്യത്തിനെതിരെ കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ഇരട്ടനിലപാട് സ്വീകരിച്ചെന്ന് ആരോപിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ രംഗത്ത്. സംയുക്ത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് നൽകിയ കത്തിൽ പറഞ്ഞതിന് വിരുദ്ധമായ കാര്യം ഒരു മാസത്തിന് ശേഷം എംപി, പാർലമെൻറിൽ ഉന്നയിച്ചെന്ന് കിഫ ആരോപിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം പി, 2022 ഫെബ്രുവരി 9 ന് പരിസ്ഥിതിയും വനവും സംബന്ധിച്ച സംയുക്ത പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജയറാം രമേശിന് വന്യജീവിഭേദഗതി ബില്ലിലെ സെക്ഷൻ 62 നിയമത്തെ കുറിച്ച് വിശദമായ കത്തെഴുതി. വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, അവയെ കൊല്ലാനായി നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, സംസ്ഥാനങ്ങൾക്ക് വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന സെക്ഷൻ 62 എടുത്ത് കളയണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ പടക്കം പൊട്ടി ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഒരു മാസത്തിന് ശേഷം മാർച്ച് 28 ന് ലോക്‌സഭയിൽ സംസാരിച്ച എംപി വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാസർകോട് ജില്ലയിലെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഒരേ വിഷയത്തിൽ പരസ്പര വിരുദ്ധമായ നിലപാടാണ് എം പിക്കുള്ളതെന്ന് കിഫ ആരോപിക്കുന്നു. ‘കേരളത്തിൽ കാട്ടുപന്നി അക്രമണത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് കാസർകോട് ജില്ലയിലാണ്. അവിടുത്തെ ജനപ്രതിനിധി വന്യജീവി (സംരക്ഷണം) നിയമത്തിൻറെ കാര്യത്തിൽ ഒറ്റമാസത്തിനുള്ളിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ കത്ത് വിവരാവകാശ പ്രകാരം ലഭിച്ചപ്പോഴാണ് ഇക്കാര്യത്തിൽ എംപിയുടെ ഇരട്ട നിലപാട് വ്യക്തമായതെ’ന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
“ഒരോ ജില്ലയിലെയും പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ, 2020 ജനുവരി മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ കേരളത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത് 21 പേരാണ്. ഇതിൽ 10 പേര് കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. കാട്ടുപന്നിയുടെ ആക്രമണത്തിനിടെ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട മണ്ഡലത്തിലെ എംപിയാണ് വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കരുതെന്നും അതിന് സംസ്ഥാനങ്ങൾക്ക് നൽകിയ അധികാരം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നത്. അതേ എംപി പാർലമെൻറിൽ ഈ നിയമത്തെ അടിസ്ഥാനമാക്കി തന്‍റെ ജില്ലയിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.” അലക്സ് കൂട്ടിച്ചേർത്തു.
കേരളത്തിൽ, കാട്ടുപന്നി മലയോര മേഖലയുടെ മാത്രം പ്രശ്നമല്ലെന്ന തലത്തിലേക്ക് വളർന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ ബൈക്കിൽ പോകവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാടുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശങ്ങളിൽ പോലും കാട്ടുപന്നിയുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ കിഫ നൽകിയ കേസിൽ 2021 ജൂലൈയിൽ ഒരു വിധി വന്നിരുന്നു. പന്ത്രണ്ട് കർഷകർ ചേർന്ന് നൽകിയ ആ കേസിൽ, കക്ഷിയായ കർഷകർക്ക് ഉപാധി രഹിതമായി അവരുടെ പറമ്പിൽ കയറുന്ന കാട്ടുപന്നിയെ കൊല്ലാമെന്നായിരുന്നു ഉത്തരവെന്നും അലക്സ് ഒഴുകയിൽ പറഞ്ഞു.
‘കാടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ കുടുക്ക് വയ്ക്കരുത്, പടക്കം വയ്ക്കരുത്, വിഷം വയ്ക്കരുത് എന്നിങ്ങനെ നിരവധി ഉപാധികളോടെയാണ് കാട്ടുപന്നിയെ കൊല്ലാൻ ഇപ്പോഴത്തെ അനുമതി. പിന്നെയുള്ളത് തോക്ക് ഉപയോഗിക്കുകയാണ്. തോക്ക് പൊലീസിന്റെ അധികാര പരിധിയിലാണ്. ഇതെല്ലാം കർഷകരെ സംബന്ധിച്ച് അപ്രായോഗികമാണ്. ഇതിന് പകരം, പന്ത്രണ്ട് കർഷകർക്കായുള്ള ഹൈക്കോടതിയുടെ ഉത്തരവ് കേരളത്തിലെ എല്ലാ കർഷകർക്കും ബാധകമാക്കണം. അങ്ങനെയെങ്കിൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാമെന്നും അലക്സ് ഒഴുകയിൽ കൂട്ടിച്ചേർത്തു.
കർണ്ണാടക, ഉത്തരാഖണ്ഡ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പല സംസ്ഥാനങ്ങളിലും കടുവാ സങ്കേതങ്ങളുമുണ്ട്. ഇവിടെയാകട്ടെ കാട്ടുപന്നിയെ കൊന്നാൽ കടുവയുടെയും പുലിയുടെയും തീറ്റ മുടങ്ങുമെന്നുമാണ് പറയുന്നത്. കർഷകരുടെ പറമ്പുകളിലാണ് കാട്ടുപന്നി പ്രശ്നമുണ്ടാക്കുന്നത്. അല്ലാതെ ഉൾക്കാട്ടില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊന്നാൽ എങ്ങനെയാണ് ഉൾക്കാട്ടിലെ മൃഗങ്ങളുടെ ഭക്ഷണം മുട്ടുകയെന്നും അലക്സ് ചോദിക്കുന്നു. ആർട്ടിക്കിൾ 14 പറയുന്ന ഫെഡറൽ തുല്യതാവകാശ നിയമത്തിന് ഇത് വിരുദ്ധവുമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കർഷകർക്ക് ദോഷകരായ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട കാട്ടുപന്നിയെ കേരളത്തിൽ മാത്രം അതല്ലെന്ന് പറയുന്നത് കേരളത്തിലെ കർഷകരോട് കാണിക്കുന്ന അനീതിയാണെന്നും അലക്സ് കൂട്ടിച്ചേർത്തു