വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാർഡ് നവജീവൻ അങ്കണവാടി റോഡും ഞാറക്കൽ മൂന്നാം വാർഡിലെ നെൽസൺ മണ്ടേല റോഡും നിർമ്മിക്കുന്നത്. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ പറഞ്ഞു.
നായരമ്പലത്തെ നവജീവൻ അങ്കണവാടി റോഡ് ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. പതിറ്റാണ്ടായി താറുമാറായ നിലയിലായിരുന്നു പ്രദേശത്തെ പ്രധാന റോഡെന്ന് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധി എം.പി ശ്യാംകുമാർ പറഞ്ഞു. സീ ഷോർ റോഡും കൊച്ചമ്പലം ടെംപിൾ വെസ്റ്റ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന നവജീവൻ അങ്കണവാടി റോഡ് നിർമ്മാണത്തോടെ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 228 മീറ്റർ നീളത്തിലാണ് റോഡിന്റെ നിർമ്മാണം.
ഞാറക്കൽ മൂന്നാം വാർഡിലെ നെൽസൺ മണ്ടേല റോഡ് നിർമ്മാണത്തിന് പതിനൊന്ന് ലക്ഷത്തി അറുപത്തി ഏഴായിരം രൂപയാണ് ചെലവ്. 135 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിൽ ടൈൽ വിരിക്കും. 130 മീറ്റർ ദൈർഘ്യത്തിൽ കാനയുമുണ്ടാകും.
ശോചനീയാവസ്ഥയിലായിരുന്ന റോഡ് നിർമ്മിക്കുന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു റസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ കെ.പി സേവ്യർ പറഞ്ഞു. റോഡ് നിർമ്മാണം ആവശ്യപ്പെട്ട് സംഘടന എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. പുതിയ റോഡും കാനയും വരുന്നതിലൂടെ ഗതാഗത ക്ലേശമൊഴിവാകുന്നതിനൊപ്പം പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന് വാർഡ് ജനപ്രതിനിധി പ്രഷീല സാബു പറഞ്ഞു.

