നെയ്പിഡോ: പട്ടാളഭരണത്തിലുള്ള മ്യാന്‍മറില്‍ മുന്‍ നേതാവ് ഓങ് സാന്‍ സൂകിക്ക് അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ. രഹസ്യ വിചാരണയ്ക്കൊടുവിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടയായതു മുതല്‍ അവര്‍ വീട്ടുതടങ്കലിലാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കുറ്റങ്ങളാണ് 76 വയസുകാരിയായ സൂകിക്കെതിരേ ചുമത്തിയിട്ടുള്ളത്. കുറ്റാരോപണങ്ങള്‍ അവര്‍ നിഷേധിച്ചിരുന്നു. അവര്‍ക്കെതിരായ വിചാരണ പ്രഹസനമാണെന്നു വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്.
യാംഗോണിന്റെ മുന്‍ ഭരണാധികാരിയില്‍നിന്നു പണവും സ്വര്‍ണവുമായി ആറു ലക്ഷം ഡോളര്‍ കോഴ വാങ്ങിയെന്ന കുറ്റത്തിനാണു ശിക്ഷ വിധിച്ചത്. നേരത്തേ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്ന അവരുടെ തടവുകാലം ഇതോടെ 11 വര്‍ഷമായി നീണ്ടു. പരമാവധി 15 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പത്തിലേറെ അഴിമതിക്കേസുകളില്‍ വിചാരണ തുടരുകയാണ്. അതിലെല്ലാം ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാകാലം 190 വര്‍ഷം വരെയാകും.
മ്യാന്‍മറിന്റെ ജനാധിപത്യ മുന്നേറ്റത്തിന്റെ പ്രതീകമായ അവരെ പട്ടാളഭരണകൂടം ആസൂത്രിതമായി തുറുങ്കിലടയ്ക്കുകയാണെന്നാണ് അനുയായികളുടെ ആരോപണം.വിചാരണ നടപടികളില്‍ പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രവേശനമുണ്ടായിരുന്നില്ല. മാധ്യമങ്ങളോടു സംസാരിക്കുന്നതില്‍നിന്നു സൂകിയുടെ അഭിഭാഷകരെ വിലക്കിയിരുന്നു.

