റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ ആക്രമണം നടത്തി യുക്രൈന്‍

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ വന്‍ അഗ്‌നിബാധ. തങ്ങളുടെ മിസൈല്‍ ആക്രമണെത്തത്തുടര്‍ന്നാണ് അഗ്‌നിബാധയെന്നു യുക്രൈന്‍ അവകാശപ്പെട്ടു. ഡോണ്‍ബാസിന്റെ പൂര്‍ണനിയന്ത്രണം പിടിക്കാന്‍ റഷ്യ നീക്കം നടത്തുന്നതിനിടെയാണ് ആക്രമണം. യുക്രൈന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ട്രാന്‍സ്നെഫ്റ്റ് ബ്രിയാന്‍സ്‌ക്-ഡ്രുഷ്ബ ഇന്ധന ഡിപ്പോയിലാണു പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനു തീപിടിത്തമുണ്ടായത്. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സംഭരണശാലയാണിത്. 15 മിനിറ്റിനു ശേഷം അടുത്ത സംഭരണിയിലും പൊട്ടിത്തെറിയുണ്ടായി. ആളപായമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടുവട്ടം വന്‍ സ്ഫോടനശബ്ദത്തിനു പിന്നാലെയാണ് അഗ്‌നിബാധയെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പങ്കുവച്ചു ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വമ്പന്‍ ഇന്ധന റിസര്‍വോയറിലൊന്ന് കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളടക്കമാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ഫോടനത്തിനു മുമ്പ് ഇന്ധന ഡിപ്പോയ്ക്കു ലക്ഷ്യമാക്കി മിസൈല്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത വ്യക്തമായിട്ടില്ല.ഡോണ്‍ബാസിലേക്കുള്ള റഷ്യന്‍ മുന്നേറ്റത്തില്‍ തന്ത്രപ്രധാന സ്ഥാനമാണു ബ്രിയാന്‍സ്‌കിന്. റഷ്യയില്‍നിന്നു യൂറോപ്പിലേക്കു പ്രകൃതി വാതകം കയറ്റിയയ്ക്കുന്നതു ഡ്രുഷ്ബ പൈപ്പ് ലൈൻ വഴിയാണ്. ഈ മേഖലയിലുണ്ടായ സ്ഫോടനങ്ങള്‍ യുദ്ധത്തില്‍ യുക്രൈനു നേട്ടം കൊണ്ടുവരുമെന്നാണു പാശ്ചാത്യ നിരീക്ഷകരുടെ അവകാശവാദം.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ രാജ്യത്തിനുള്ളില്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനെതിരേ സമ്മര്‍ദം രൂക്ഷമാക്കുമെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →