ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 26കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിക്ക് വധശിക്ഷ

ദുബൈ: . ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ. ദുബൈ ക്രിമിനൽ കോടതി 2022 ഏപ്രിൽ 20 ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ വിധിച്ചത്.

2020 ജൂൺ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അറേബ്യൻ റാഞ്ചസ് മിറാഡോർ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം നടന്നത്. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂർ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് കയറിയതും കൊലപാതകങ്ങൾ നടത്തിയതും.

സ്വർണവും പണവും മോഷ്ടിക്കുക ലക്ഷ്യമിട്ടാണ് പ്രതി വില്ലയിലെത്തിയത്. അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് പ്രതി മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. 18ഉം 13ഉം വയസ്സുള്ള പെൺമക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുകൾ നിലയിലായിരുന്നു ദമ്പതികൾ ഉറങ്ങിയത്. ഇവരുടെ മുറിയിൽ പ്രതി തെരച്ചിൽ നടത്തുന്നതിനിടെ ശബ്ദം കേട്ട് ദമ്പതികൾ ഉണർന്നു. തുടർന്നാണ് ഇവരെ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ മൂത്തമകളെയം പ്രതി ആക്രമിച്ചു. പെൺകുട്ടി അലാറാം മുഴക്കിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. കൃത്യത്തിന് ഉപയോഗിച്ച കത്തി വില്ലയുടെ 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുടെ ചികിത്സക്ക് പണം വേണ്ടി വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പറഞ്ഞു. വിധിയിൽ ഇയാൾക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →