കോവിഡ് കണക്കുകൾ നൽകിയില്ലെന്ന വാദം തെറ്റ്: മന്ത്രി വീണാ ജോർജ് *ദേശീയ തലത്തിൽ തെറ്റായ പ്രചരണം നടത്തുന്നത് പ്രതിഷേധാർഹം

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കേന്ദ്രത്തിന് നൽകിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രചാരണം പ്രതിഷേധാർഹമാണ്. കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സംസ്ഥാനം കോവിഡ് കണക്കുകൾ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നൽകിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകൾ നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങൾ അറ്റാച്ച് ചെയ്ത് പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കണക്കുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്. ഇത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. എങ്കിലും കോവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ച് വയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാൽ ദിവസേനയുള്ള കണക്കുകൾ വീണ്ടും പ്രസിദ്ധപ്പെടുത്തും.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 200നടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച 209 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീൽ മൂലമുള്ള മരണങ്ങൾ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങൾ കോവിഡ് കണക്കിൽ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയിൽ മരണം റിപ്പോർട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കോവിഡിനോടൊപ്പം ജീവക്കേണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കോവിഡ് നല്ല രീതിയിൽ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. മാസ്‌ക് മാറ്റാൻ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →