ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി.ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ പിന്‍ഗാമിയാണു നിലവില്‍ കരസേനാ ഉപമേധാവിയായ ജനറല്‍ പാണ്ഡെ. ഈ പദവിയിലെത്തുന്ന ആദ്യ എന്‍ജിനീയറാണ് പാണ്ഡെ. 28 മാസത്തെ സേവനാനന്തരം ഈമാസം 30 ന് നരവനെ വിരമിക്കും. മേയ് ഒന്നിനു കരസേനയുടെ 29-ാമതു മേധാവിയായി ജനറല്‍ പാണ്ഡെ ചുമതലയേല്‍ക്കും.
ഫെബ്രുവരി ഒന്നിനാണ് പാണ്ഡെ കരസേനാ ഉപമേധാവിപദത്തിലെത്തുന്നത്. സി.പി. മൊഹന്തി വിരമിച്ച ഒഴിവിലായിരുന്നു നിയമനം. കൊല്‍ക്കത്തയിലെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായും ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനാനന്തരം 1982-ഡിസംബറില്‍ എന്‍ജിനീയേഴ്സ് കോറിലൂടെയാണ് പാണ്ഡെ സേവനം ആരംഭിക്കുന്നത്. 39 വര്‍ഷത്തെ സൈനിക സേവന കാലയളവില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 2001-ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിനു പിന്നാലെ തുടക്കമിട്ട ഓപ്പറേഷന്‍ പരാക്രമില്‍ പങ്കാളിയായി നേതൃപാടവം വെളിവാക്കി.പാകിസ്താനുമായുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കു വന്‍തോതില്‍ സൈനികരെയും ആയുധങ്ങളും എത്തിച്ചത് ഓപ്പറേഷന്‍ പരാക്രമിലൂടെയായിരുന്നു. ജമ്മു കശ്മീരിലെ പല്ലന്‍വാല സെക്ടറിലെ ഒരു എന്‍ജിനീയര്‍ റെജിമെന്റിന്റെ നായകന്‍ ജനറല്‍ പാണ്ഡെ ആയിരുന്നു.

