മലയാളി ഒളിമ്പ്യന്‍ സാജന് സ്വര്‍ണം, വേദാന്തിന് വെള്ളി

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സ്വിമ്മിങ് മീറ്റില്‍ മലയാളി താരം ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന് സ്വര്‍ണം. കൗമാര താരം വേദാന്ത് മാധവന്‍ വെള്ളി നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണു സാജന്‍ സ്വര്‍ണം നേടിയത്.

ഇടുക്കി സ്വദേശിയായ സാജന്റെ ഈ വര്‍ഷത്തെ ആദ്യ രാജ്യാന്തര മത്സരമാണിത്. വെള്ളിയാഴ്ച രാത്രി നടന്ന 200 മീറ്ററില്‍ ഒരു മിനിറ്റ് 59.27 സെക്കന്‍ഡിലാണു സാജന്‍ ഫിനിഷ് ചെയ്തത്. പ്രദീപ് കുമാറിന്റെ കീഴില്‍ ദുബായില്‍ പരിശീലനം നടത്തുകയാണു സാജന്‍. യോഗ്യതാ റൗണ്ടില്‍ രണ്ട് മിനിറ്റ് 03.67 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്.
സ്വര്‍ണം നേടിയെങ്കിലും കരിയറിലെ ഏറ്റവും മികച്ച സമയം ഒരു മിനിറ്റ് 56.38 സെക്കന്‍ഡ് മറികടക്കാന്‍ കഴിയാത്ത നിരാശയുണ്ടെന്നു സാജന്‍ പറഞ്ഞു. റോമില്‍ നടന്ന ഒളിമ്പിക് യോഗ്യതാ റൗണ്ടിലാണ് സാജന്‍ 200 മീറ്റര്‍ ഒരു മിനിറ്റ് 56.38 സെക്കന്‍ഡില്‍ നീന്തിയെത്തിയത്. തമിഴ് നടന്‍ മാധവന്റെ മകനായ വേദാന്ത് 15 മിനിറ്റ് 57.86 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്.

16 വയസുകാരനായ വേദാന്ത് മാധവ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ലാത്വിയ ഓപ്പണില്‍ വെങ്കലം നേടിയിരുന്നു. ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി തിളങ്ങി. മകന്റെ മെഡല്‍ നേട്ടത്തില്‍ കോച്ച് പ്രദീപ് കുമാറിനു നന്ദി പറഞ്ഞ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.വനിതകളുടെ 400 മീറ്റര്‍ മെഡ്ലെയില്‍ ശക്തി ബാലകൃഷ്ണന്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഞ്ച് മിനിറ്റ് 10.17 സെക്കന്‍ഡിലാണു ശക്തി ഫിനിഷ് ചെയ്തത്. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ താനിഷ് ജോര്‍ജ് മാത്യു നിരാശപ്പെടുത്തി. 24.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജോര്‍ജ് മാത്യു 29-ാം സ്ഥാനത്തായി.ഇടുക്കി സ്വദേശിയായ സാജന്‍ 2015 ലെ ദേശീയ ഗെയിംസ് ഫ്രീസ്റ്റൈല്‍, ബട്ടര്‍ ഫ്ളൈ, റിലേ ഇനങ്ങളിലായി ആറ് സ്വര്‍ണവും വെള്ളിയും നേടിയിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ മത്സരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →