കൂട്ടുംവാതുക്കല്‍ക്കടവ് പാലം നാടിന് സമര്‍പ്പിച്ചു ദേശീയപാത നവീകരണം 2025ല്‍ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: സംസ്ഥാനത്തെ ദേശീയ പാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയ പാതയുടെ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ വാഹനത്തിരക്കുമൂലം ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് സസൂക്ഷമം നിരീക്ഷിച്ചുവരികയാണ്. തടസമില്ലാത്ത റോഡ് ശൃംഖലയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാന പാതകളില്‍ റെയില്‍വേ ക്രോസിംഗ് ഒഴിവാക്കുന്നതിന് 10 മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചുവരികയാണ്. തീരദേശ പാത വികസനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കും- മന്ത്രി  പറഞ്ഞു. 

40 കോടി രൂപ വിനിയോഗിച്ചാണ് ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ക്കടവ് പാലം നിര്‍മിച്ചത്. 320 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഇരുവശങ്ങളിലും നടപ്പാതയും പാലത്തിന്റെ ഇരുകരകളിലും 500 മീറ്റര്‍ വീതം നീളത്തില്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ അപ്രോച്ച് റോഡുകളുമുണ്ട്. അഞ്ച് വലിയ ആര്‍ച്ചുകളും സജ്ജമാക്കിയിരിക്കുന്നു. 

ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പവനനാഥന്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലില്‍ നൗഷാദ്, ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദീപ്തി ഭാനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ശ്രീലത, ഷീജ മോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →