ന്യൂഡല്‍ഹി: 65 വയസ് തീരെ ചെറുപ്പമാണെന്നും അത് ആര്‍ക്കെങ്കിലും വിരമിക്കാനുള്ള പ്രായമാണെന്ന് കരുതുന്നില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ”കംപാരറ്റീവ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ” എന്ന വിഷയത്തില്‍ ഓണ്‍െലെന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ഓഗസ്റ്റ് 27-നു വിരമിക്കാനിരിക്കുന്ന അദ്ദേഹം, അതേപ്പറ്റിയുള്ള ചോദ്യത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് പല കോണുകളില്‍നിന്നും അഭിപ്രായമുയരുന്ന പശ്ചാത്തലത്തിലാണ് ചോദ്യമുയര്‍ന്നത്.സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പല വേദികളിലും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കുറഞ്ഞത് മൂന്നു വര്‍ഷം ഔദ്യോഗിക കാലാവധി നിശ്ചയിക്കണമെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടിരുന്നു.യു.എസ്. സുപ്രീം കോടതിയിയെ ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ ഉള്‍പ്പെടെയുള്ളവരാണ് ഓണ്‍െലെന്‍ ചര്‍ച്ചയിലുണ്ടായിരുന്നത്. യു.എസ്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കു നിശ്ചിത വിരമിക്കല്‍ പ്രായമില്ലെന്നതും പരാമര്‍ശിക്കപ്പെട്ടു.
ഇന്ത്യയില്‍, സര്‍വീസില്‍ ചേരുമ്പോള്‍ത്തന്നെ എന്നു വിരമിക്കുമെന്നറിയാമെന്നു ചീഫ് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. ഇപ്പോഴും ഏറെ ഊര്‍ജം ബാക്കിയുണ്ട്. കര്‍ഷക കുടുംബത്തില്‍ നിന്നാണു വരുന്നത്. കൃഷി ചെയ്യാന്‍ കുറച്ചു ഭൂമിയുമുണ്ട്- വിരമിക്കല്‍ ജീവിതത്തെപ്പറ്റിയുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ജുഡീഷ്യറിയില്‍ നിന്നുള്ള വിരമിക്കല്‍ പൊതുജീവിതത്തില്‍നിന്നുള്ള പിന്മാറലാകില്ലെന്നുറപ്പ്. എന്നാല്‍, അത് എങ്ങനെയാകണമെന്നു ചിന്തിക്കാന്‍ ഔദ്യോഗിക തിരക്കിനിടയില്‍ സമയം കിട്ടിയിട്ടില്ല- അദ്ദേഹം പറഞ്ഞു.ജഡ്ജിമാരുടെ നിയമന നടപടി, അധികാര പരിധി നിശ്ചയിക്കല്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ തുടങ്ങി വിവിധ വിഷയങ്ങളാണു സെമിനാറില്‍ ചര്‍ച്ചയായത്.

