കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ 09/04/2022, ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10/04/2022 ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ, കേരള വനിതാ കമ്മീഷന് അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചു. . ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.അങ്കമാലി നഗരസഭാ കൗണ്‍സിലറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
വൈപ്പിന്‍കര മുരിക്കന്പാടത്ത് എം.എ.ചവരോ, അമ്മ മഗ്ദലേന ദമ്പതികളുടെ മകളായാണ് ജനനം. പ്രാഥമിക പഠനം മുരിക്കന്‍ പാടം സെന്റ് മേരിസ് എല്‍പിഎസില്‍. ഓച്ചം തുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പ്രീഡിഗ്രി,ഡിഗ്രി പഠനം സെന്റ് സേവ്യേഴ്സ് കോവേജ് ആലുവായിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. മതചട്ടക്കൂടിനെ വെല്ലുവിളിച്ച് വിവാഹം ചെയ്ത അവര്‍ എം.എ പാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാവക സ്കൂളില്‍ ടീച്ചരായി ജോലി ചെയ്തു. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം സുഹൃത്തിനോടൊന്നിച്ച് ഒരു പാലരല്‍ കോളജ് ആരംഭിച്ചു . കോളേജില്‍ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധംകാരണം പൊലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോളജ് പൂട്ടി. 1976ലായിരുന്നു വിവാഹം.
വിദ്യാര്‍ഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ല്‍ സിപിഐ എം അംഗത്വം. 1984ല്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്പറേഷന് എംപ്ലോയീസ് യൂണിയന് (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പ്രസിഡന്റുമായിരുന്നു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗമാണ്.

