കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് തിരച്ചിൽ തുടരുകയായിരുന്നു.
വെള്ളറക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറയുന്നു. വിയ്യൂർ മണക്കുളം സ്വദേശിയായ ഷിജിയെ രണ്ട് മാസമായി കാണാനില്ലെന്ന് കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. കരസേനയിൽ ഉദ്യോഗസ്ഥനാണ് റിനീഷ്, ഭാര്യ നേരത്തെ മരണപ്പെട്ടതാണ്.
ഇയാൾക്ക് ഒരു മകളുണ്ട്. 2022 ഫെബ്രുവരി മുതൽ കാണാതായ ഇരുവരെയും കണ്ടെത്താനായി കൊയിലാണ്ടി പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇരുവരും ഇന്ന് തീവണ്ടിയിൽ നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു. തലയറ്റ നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും

