ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാല ഏപ്രില്‍ 07 വ്യാഴാഴ്ച രാവിലെ 10ന് കളമശേരി ടൗണ്‍ ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. കളമശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന വിവിധ സേവനങ്ങള്‍, സഹായങ്ങള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസുകളും നടക്കും.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ജലദൗര്‍ലഭ്യതയും വരള്‍ച്ചയും കൃഷിയെയും ഭക്ഷ്യലഭ്യതയെയും പ്രതികൂലമായി ബാധിക്കുകയും പോഷകാഹാര നിലവാരം കുറക്കുകയും ചെയ്യുന്നു. കാലാവാസ്ഥ വ്യതിയാനവും അന്തരീക്ഷത്തിലെ മറ്റ് പ്രശ്‌നങ്ങളും മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നവരുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന മുദ്രാവാക്യം.

