പത്തനംതിട്ട:മേല്‍മൂടി ഇല്ലാത്ത ഓടകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതു പരിഗണിച്ച് സ്ലാബുകള്‍ സ്ഥാപിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകരമായി റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റണം. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം. വേനല്‍ക്കാലത്ത് കുടിവെളളം പാഴാക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പൊതുമരാമത്ത് (നിരത്ത്), വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കണം.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തണം. അബാന്‍ ജംഗ്ഷനില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുമ്പോള്‍ ഉണ്ടാകാനിടയുളള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ഉയര്‍ന്നു.
കോഴഞ്ചേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, എന്‍സിപി സംസ്ഥാന സമിതി അംഗം സുബിന്‍ വര്‍ഗീസ്, കോഴഞ്ചേരി താലൂക്ക് വികസന സമിതി കണ്‍വീനറും തഹസില്‍ദാരുമായ കെ. ജയ്ദീപ്, എല്‍.ആര്‍. തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ബാബുലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.