ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വരുന്നതുവരെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്നു സുപ്രീം കോടതി നിര്‍ദേശം.കഴിഞ്ഞ വര്‍ഷം പാസാക്കിയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അതോറിറ്റി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നും അതുവരെ മേല്‍നോട്ട സമിതി തുടരാന്‍ നിര്‍ദേശിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതു കണക്കിലെടുത്താണ് ഇത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ഇതിനാവശ്യമായ ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നു ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, എ.എസ്. ഓക്ക, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. സമിതിയിലേക്കു തമിഴ്നാടിനും കേരളത്തിനും ഓരോ വിദഗ്ധ അംഗത്തെക്കൂടി നിര്‍ദേശിക്കാം.ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വരുന്നതുവരെയുള്ള ഇടക്കാല സംവിധാനമായിരിക്കും ഇതെന്നു കോടതി പറഞ്ഞു. കോടതിയുടെ അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഡാമിന്റെ സുരക്ഷ, പരിപാലനം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം മേല്‍നോട്ട സമിതിക്കായിരിക്കും. അതിനിടെ ഡാം സുരക്ഷാ അതോറിറ്റി സജ്ജമായാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇടപെടരുത്.അണക്കെട്ടിന്റെ ഘടനാപരമായ ഉറപ്പും സുരക്ഷയും ഉള്‍പ്പെട്ടതിനാല്‍ അതീവശ്രദ്ധയോടെ െകെകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നു കോടതി ചൂണ്ടിക്കാട്ടി. അടിയന്തര തീരുമാനങ്ങളെടുക്കാന്‍ സമിതിക്ക് അധികാരമുണ്ടാകും. അവര്‍ക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. ഡാം സുരക്ഷാ അതോറിറ്റി എപ്പോഴേക്കും പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കാന്‍ കോടതി നേരത്തേ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. താല്‍ക്കാലിക സംവിധാനമുണ്ടാക്കാന്‍ കുറഞ്ഞത് ഒരു മാസവും പൂര്‍ണ സംവിധാനമുണ്ടാക്കാന്‍ ഒരു വര്‍ഷവും വേണ്ടിവരുമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ഇന്നലെ കോടതിയെ അറിയിച്ചത്.
ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ അണക്കെട്ടാണ് ഏക പരിഹാരമെന്നാണു കേരളത്തിന്റെ നിലപാട്. അണക്കെട്ട് സുരക്ഷിതമാണെന്നും മേല്‍നോട്ട സമിതിയുടെ മേല്‍നോട്ടത്തില്‍ ബലപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നു തമിഴ്നാട് വാദിക്കുന്നു.
